ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി എത്തുന്നു. ബാങ്ക് ഓഫ് ബറോഡയുമായി സഹകരിച്ചാണ് ഓഫര്‍ എന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടൊയോട്ടയുടെ വാഹനം സ്വന്തമാക്കുന്നവർക്ക് ഓൺ റോഡ് വിലയുടെ 90 ശതമാനം വരെ ലോൺ, 84 മാസം വരെയുള്ള തിരിച്ചടവ് കാലാവധി, നേരത്തെയുള്ള തിരിച്ചടവ് അല്ലെങ്കിൽ വായ്പ അവസാനിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക ചാർജ് ഈടാക്കാതിരിക്കൽ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. 

കൂടാതെ കുറഞ്ഞ പലിശ നിരക്കിൽ ഡിജിറ്റലൈസ്ഡ് സപ്ലൈ ചെയിൻ ഫിനാൻസിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കും. ടൊയോട്ടയുടെ നിരയിലെ എല്ലാ വാഹനങ്ങൾക്കും ഈ ഫിനാസ് സ്കീമുകൾ ലഭ്യമാണ്. എളുപ്പത്തിലുള്ള ഫിനാൻസ് സൗകര്യങ്ങൾ, പഴയ വാഹനങ്ങളുടെ വിൽപന, സർവീസ് തുടങ്ങിയവ നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നതിന് ടികെഎം എപ്പോഴും ശ്രമിക്കുന്നു. 

ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ സഹകരണത്തിലൂടെ  ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ഉപഭോക്താക്കൾക്കും ഡീലർമാർക്കും വിവിധങ്ങളായ ഫിനാൻസ് സൗകര്യം ലഭിക്കുകയും എളുപ്പത്തിലുള്ള വായ്പ ലഭ്യമാവുകയും ചെയ്യുമെന്നാണ് ടൊയോട്ട വ്യക്തമാക്കുന്നത്.