ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ്. 2019 ഒക്ടോബര്‍ അവസാനവാരമാണ് വാഹനത്തെ ഇന്ത്യയിലെത്തിക്കുന്നത്. ഇപ്പോഴിതാ ഇംപെരിയാലെ 400-ന്റെ വില ബെനാലി ഇന്ത്യ ആദ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിയ ഇംപെരിയാലെ 400-ന്റെ വില 10,000 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

ഇപ്പോള്‍ വാഹനത്തിന് 1.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. കറുപ്പ് നിറത്തിലുള്ള ഇംപെരിയാലെ 400 സ്വന്തമാക്കാന്‍ 10,000 കൂടെ അധികം മുടക്കണം. 1.89ലക്ഷമാണ് കറുപ്പ് നിറത്തിലുള്ള ഇംപെരിയാലെ 400ന്റെ വില.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തു ഇന്ത്യയില്‍ യോജിപ്പിക്കുന്ന ബൈക്ക് ഘടകങ്ങളുടെ വില കൂടിയതാണ് ഇംപെരിയാലെ 400-ന്റെ വില വര്‍ദ്ധനവിന് കാരണമായി ബെനാലി ഇന്ത്യ വ്യക്തമാകുന്നത്.

ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 1,200-ല്‍ അധികം ബുക്കിംഗ് നേടിയാണ് ഇംപെരിയാലെ 400 വരവറിയിച്ചത്. ചുവപ്പ്, കറുപ്പ്, ക്രോം എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇംപെരിയാലെ 400-വിപണിയിലുള്ളത്.

ഇംപീരിയാലെ 400 നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളിലൊന്നാണ്. ലളിതമായ രൂപകല്‍പ്പനയോടെ എത്തിയ വാഹനമാണ് ഇത്. 

1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിർമാണം. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍.  മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും.  ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും.

നിലവിൽ ബെനലി ഇന്ത്യ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഇംപീരിയാലെ. 1.69 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ്ഷോറൂം വില. സെഗ്‌മെന്റില്‍ താരതമ്യേന ഈ കുറഞ്ഞ വില തന്നെയാണ് ഇംപീരിയാലെ 400ലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നിരവധി പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഇംപീരിയാലെയുടെ നിര്‍മ്മാണം. വില പരമാവധി കുറയ്ക്കാനും ഇത് സഹായിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കും ജാവയുമാണ് ഈ ബൈക്കിന്‍റെ മുഖ്യ എതിരാളികള്‍.

എന്തായാലും ഇംപീരിയാലെയുടെ വിജയം മൂലം ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും കൂടുതല്‍ ഡീലർഷിപ്പുകള്‍ തുറക്കാനും ബെനലി ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്.

അമേരിക്കൻ വിപണിയിൽ പ്രചാരത്തിലുള്ള 302S ആയിരിക്കും അടുത്തതായി ബെനലി ഇന്ത്യൻ വിപണിയിൽ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച 302S ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുക.   300 സിസി പാരലൽ ഇരട്ട സിലിണ്ടർ ലിക്വിഡ്-കൂൾഡ് 4-വാൽവ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 11,000 rpm-ൽ പരമാവധി 37.5 bhp കരുത്തും 9,000 rpm-ൽ 25.62 Nm ടോര്‍ഖും സൃഷ്‍ടിക്കും.

മുന്നില്‍ 41 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ. അതേസമയം പ്രീ-ലോഡിനും റീബബൌണ്ട് ക്രമീകരണത്തിനുമായി റിയർ മോണോ ഷോക്ക് ട്യൂൺ ചെയ്യാം. മുൻവശത്ത് നാല് പിസ്റ്റൺ കോളിപ്പറുകളുള്ള 260 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ രണ്ട് പിസ്റ്റൺ കോളിപ്പറുള്ള 240 mm സിംഗിൾ ഡിസ്കുമാണ് ബ്രേക്കിംഗ്. യുഎസ് പതിപ്പിന്റെ മുന്നിൽ 120/70-ZR17, പിന്നിൽ 160/60-ZR17 പൈറെല്ലി സോഴ്‌സ്ഡ് എയ്ഞ്ചൽ എസ്ടി ടയറുകളാണ്. ഇന്ത്യൻ പതിപ്പിലും സമാനമാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം പുതിയ മോഡല്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.