ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി തങ്ങളുടെ കുഞ്ഞന്‍ ലിയോണ്‍സിനോ 250 പതിപ്പിന്റെ 2020 മോഡല്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 

ബെനലിയുടെ ശ്രേണിയിലെ എന്‍ട്രി ലെവല്‍ സ്‌ക്രാംബ്ലറാണ് ലിയോണ്‍സിനൊ 250. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിന്റെ സ്‌റ്റൈലിംഗ് വലിയ ലിയോണ്‍സിനൊ 500 പതിപ്പിന് സമാനമാണ്. പക്ഷേ ഓവല്‍ ഹെഡ്ലാമ്പും ഫ്‌ലൂറസെന്റ് ഗ്രാഫിക്‌സിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.

249.4 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കുഞ്ഞന്‍ ലിയോണ്‍സിനോയുടെ ഹൃദയം. ഈ എഞ്ചിന്‍ 10,500 rpm-ല്‍ 26.8 bhp കരുത്തും 8,500 rpm-ല്‍ 20.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, 41 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ-ഷോക്ക്, രണ്ട് വീലുളിലും പെറ്റല്‍-ടൈപ്പ് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിലെ പ്രീമിയം ഹാര്‍ഡ്വെയറില്‍ ഉള്‍പ്പെടുന്നു.

ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന് രാജ്യത്ത് 19,990 ചൈനീസ് യുവാനാണ് വില.  ഇത് ഏകദേശം 2.15 ലക്ഷം രൂപയോളം വരും. അതേസമയം പിങ്ക് വീലുകളുള്ള സില്‍വര്‍ കളര്‍ ഓപ്ഷന് 20,500 യുവാനാണ് വില. ഇത് ഏകദേശം 2.21 ലക്ഷം രൂപയോളം വില വരും. പരിഷ്‌ക്കരിച്ച 2020 മോഡല്‍ ബെനലി ലിയോണ്‍സിനോ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.