ബെംഗളൂരു: മെഴ്സിഡസ് കാർ വിലക്കുറവിൽ വാങ്ങാനുള്ള ശ്രമത്തിൽ തട്ടിപ്പിനിരയായി ബെംഗളൂരുവിലെ വ്യവസായി.ഖലീൽ ഷരിഫ് എന്ന വ്യവസായി ആണ് കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് ആഡംബരകാർ വാങ്ങാൻ ആഗ്രഹിച്ചത്. കാർ വാങ്ങാനായി 78,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു.

എന്നാൽ കാറിനായി മൂന്ന് മാസം കാത്തിരുന്നുവെങ്കിലും ലഭിച്ചില്ല. ലോക്ക്ഡൗൺ കാരണമാകും കാറെത്താൻ വൈകുന്നതെന്നായിരുന്നു ഷരിഫ് ആദ്യം വിചാരിച്ചത്. ജീവൻ ഭീമാനഗറിലെ ഗാരേജ് ആൻഡ് സർവീസിംഗ് സ്റ്റേഷനിൽ വച്ച് ഷരീഫ് ഒരു ദിവസം ഗാരേജ് ഉടമസ്ഥന്റെ ബന്ധുവായ ആളെ പരിചയപ്പെട്ടു. ദസ്തഗിർ എന്നായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. രണ്ടു ലക്ഷം രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ആഡംബര കാർ നൽകാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയായിരുന്നു.

തുടർന്ന്, 2006 മോഡലായ മെഴ്സിഡസ് കാർ 2.25 ലക്ഷം രൂപയ്ക്ക് വിൽക്കാനുണ്ടെന്ന് അറിയിച്ച് ഇയാൾ ഷരിഫിനെ ബന്ധപ്പെട്ടു. പിന്നാലെ ഷരിഫ് അഡ്വൻസായി 78,000 രൂപ നൽകുകയുമായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കാർ എത്തിക്കാമെന്നായിരുന്നു ദസ്തഗിറിന്റെ വാഗ്ദാനം. പക്ഷേ, അഡ്വാൻസ് ലഭിച്ച ഉടനെ ദസ്തഗിർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് അപ്പോൾ ഷരിഫ് വിചാരിച്ചിരുന്നില്ല. 

ലോക്ക്ഡൗൺ ആയതിനാൽ മൂന്നുമാസം കാത്തിരുന്നു. ശേഷം ദസ്തഗിറിന്റെ ബന്ധുവിന്റെ ഗാരേജിൽ പോയി അയാളോട് കാര്യങ്ങൾ അന്വേഷിച്ചു. അവിടെ വെച്ച് ഷരിഫിന് നഷ്ടമായ തുക എത്രയും പെട്ടെന്ന് നൽകാമെന്ന് ഗാരേജ് ഉടമസ്ഥൻ ഉറപ്പ് നൽകി. എന്നാൽ, ഷരിഫ് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദസ്തഗിറിന് എതിരെ സമാനമായ മുപ്പതോളം പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.