ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്‍റ്ലിയുടെ ശ്രേണിയിലെ ഏറ്റവും വിലകൂടിയ വാഹനമായ ഗ്രാന്‍ഡ് ടൂറര്‍ ബാകലര്‍ പുറത്തിറക്കി. പ്രസിദ്ധമായ സ്ഥലങ്ങളുടെ പേരുകൾ കാർ മോഡലുകൾക്കു നൽകുന്ന പുത്തൻ രീതിയാണു ബാകലറിലും ബെന്റ്ലി മോട്ടോഴ്സ് പിന്തുടരുന്നത്. മെക്സിക്കോയിലെ യുഗറ്റാന്‍ പെനിന്‍സുലയിലെ ലഗുന ബാകലറില്‍ നിന്നാണ് തങ്ങളുടെ പുതിയ കാറിന് കമ്പനി പേര് നല്‍കിയത്.

ബെന്റെഗയിലൂടെയാണ് ഈ രീതിക്ക് കമ്പനി തുടക്കമിട്ടത്. ഉടമസ്ഥന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ഈ വാഹനത്തിന്‍റെ നിര്‍മിതി. ആറ് ലിറ്റര്‍, ഡബ്ല്യു 12 ടി.എസ്.ഐ. എന്‍ജിനാവും കാറിന് കരുത്തേകുക . 659 പി.എസ്. വരെ കരുത്തും 900 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ആക്ടീവ് ഓള്‍വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാവും ബെന്റ്‌ലി ബാകലര്‍ എത്തുന്നത്. ഇ.എക്സ്.പി. 100 ജി.ടി.യുടെ രൂപകല്‍പ്പന ശൈലിയാണ് ബാകലറിലുള്ളത്.

അതുകൊണ്ടു തന്നെ കാര്‍ബണ്‍ ഫൈബറും അലുമിനിയവുമാണ് അധികമായി ഉപയോഗപ്പെടുത്തുന്നത്. ത്രിമാന പ്രിന്റിങ്ങിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബാകലറിന്റെ പിന്‍ ട്രാക്ക് കോണ്ടിനെന്റല്‍ ജി.ടി.യെ അപേക്ഷിച്ച് വീതിയേറിയതാവുമെന്നും സൂചനയുണ്ട്.

പുറത്തിറക്കുന്നതിന് മുമ്പേ തന്നെ പന്ത്രണ്ടെണ്ണം വിറ്റുപോയിക്കഴിഞ്ഞു. ഇത്രയും കാറുകളേ നിര്‍മിക്കുകയുള്ളുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.