കടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ സംസ്ഥാനത്തെ ബസ് വ്യവസായമേഖല വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു.  പ്രതിസന്ധിയെ തുടര്‍ന്ന് പല ജില്ലകളിലും ബസുകള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കുകയാണ് ഉടമകള്‍. ലക്ഷങ്ങള്‍ വിലയുള്ള ബസുകള്‍ ചുരുങ്ങിയ വിലയ്ക്കാണ് വില്‍ക്കുന്നത്. പ്രത്യേകിച്ച് സെക്കന്‍ഡ്ഹാന്‍ഡ് ബസുകള്‍ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നതെന്നും രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്‍ വാങ്ങാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു.

കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് പല ജില്ലകളിലും ഇങ്ങനെ ചുളുവിലയ്ക്ക് നിരവധി ഉടമകള്‍ ബസുകള്‍ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എം പി സത്യന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. പെര്‍മിറ്റ് മരവിപ്പിച്ച ശേഷം ബസുകള്‍ മാത്രം വില്‍ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ പെര്‍മിറ്റുകള്‍ നഷ്‍ടപ്പെടുന്നതിനു തന്നെ ഇതിടയാക്കിയേക്കും. ഇതറിയാതെയാണ് പലരും ബസുകള്‍ വില്‍ക്കുന്നത്. സാധാരണ ഗതിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബസുകള്‍ക്ക് നിലവാരമനുസരിച്ച് ഏഴു മുതല്‍ എട്ടു ലക്ഷം രൂപ വരെയെങ്കിലും ലഭിക്കാറുണ്ട്. എന്നാല്‍ പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ച് ലക്ഷത്തില്‍ താഴെ രൂപയ്‍ക്കാണ് മിക്ക ബസുകളും വിറ്റതെന്നും സത്യന്‍ പറയുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻകിട വസ്ത്ര-ആഭരണ ശാലകളും ആശുപത്രികളുമൊക്കെയാണ് ഒന്നും രണ്ടും ലക്ഷം രൂപ മുടക്കി പഴയ ബസുകൾ വാങ്ങുന്നത്. 

ഒരു നിവര്‍ത്തിയുമില്ലാത്തതിനാലാണ് ഈ വ്യവസായം ഉപേക്ഷിക്കുന്നതെന്ന് ഉടമകള്‍ പറയുന്നു. സംസ്ഥാനത്തെ 60 ശതമാനം ബസ് ഉടമകളും കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയാണ് വ്യവസായം ഓടിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടി. കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകള്‍ തന്നെ ആളില്ലാത്തതിനാല്‍ വലിയ നഷ്ടത്തിലാണ്. പല ബസുകളിലേയും ടയറും എഞ്ചിനും ബാറ്ററിയും നശിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് തന്നെ വലിയ തുക ചെലവാകും. ഇന്ധനം, ടയർ, സ്പെയർപാട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടുമാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. ഈ തുക നല്‍കാന്‍ മറ്റു വഴികളില്ലാതായതോടെയാണ് ബസ് വിൽക്കാൻ തീരുമാനിച്ചതെന്നാണ് ഉടമകൾ പറയുന്നത്. 

സംസ്ഥാനത്തെ 80 ശതമാനത്തോളം ബസുടമകളും ജി ഫോം നല്‍കി ഓട്ടം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും എം പി സത്യന്‍ പറയുന്നു. പുതിയ ചില ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ഓടുന്നത്. സെന്‍സര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയുള്ളതു കാരണം ഈ ബസുകള്‍ ദിവസങ്ങളോളം വെറുതെയിട്ടാല്‍ തകരാറിലാകുമെന്നതു കൊണ്ടാണ് നഷ്‍ടം സഹിച്ചും ചില ഉടമകള്‍ സര്‍വ്വീസ് നടത്തുന്നതെന്നും സത്യന്‍ പറയുന്നു. നികുതിയിളവിനു പുറമേ ഡീസലിന്‍റെ നികുതി ഒഴിവാക്കുക, ക്ഷേമനിധി അടയ്ക്കുന്നത് നീട്ടിവയ്ക്കുക, തല്‍ക്കാലത്തേക്കെങ്കിലും എല്ലാവിധ കണ്‍സെഷനുകളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ ഈ മേഖല ഇനി ബാക്കിയുണ്ടാകൂ എന്നും സത്യന്‍ പറയുന്നു.

കഴിഞ്ഞ ചില വര്‍ഷങ്ങളായി പ്രതിസന്ധി ഉടലെടുത്തിരുന്ന ബസ് വ്യവസായ മേഖലയെ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കൊവിഡ് കാലമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്‍ണന്‍ പറയുന്നു. ഇപ്പോള്‍ സംസ്ഥാനത്താകെ 12600 ഓളം സ്വകാര്യ ബസുകളാണ് ഉള്ളത്, 10 വര്‍ഷം മുമ്പ് 32000 ഓളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്താണിത്- രാധാകൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

വന്‍കിട കമ്പനികളൊക്കെ കഴിഞ്ഞ നേരത്തെ തന്നെ ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങിക്കഴിഞ്ഞു. ചെറുകിടക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഈ വ്യവസായത്തിലുള്ളത്. അതില്‍ത്തന്നെ രണ്ടോ മൂന്നോ തൊഴിലാളികള്‍ ചേര്‍ന്നു നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും. ഒരു പുതിയ ബസ് റോഡിലറങ്ങണമെങ്കില്‍ 40 ലക്ഷം രൂപയോളം ചെലവു വരും. റോഡ് നികുതി, ഡീസല്‍ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ മാസം ഒരുലക്ഷത്തിലധികം രൂപ ബസൊന്നിന് സര്‍ക്കാരിലേക്ക് പോകുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്കും പരോക്ഷമായി നാലുലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന വ്യവസായമാണിത്. ഉടമകള്‍ ക്ഷേമനിധി ഇനത്തില്‍ അടച്ച 4500 കോടിയോളം രൂപ സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതില്‍ നിന്നും വായ്‍പയെടുക്കാനെങ്കിലും തങ്ങളെ അനുവദിക്കണമെന്ന് രാധാകൃഷ്‍ണന്‍ പറയുന്നു.

ഇപ്പോള്‍ 20 ശതമാനത്തോളം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റെ അബ്‍ദുള്‍ നാസര്‍ പറയുന്നു. ഓണത്തിനു ശേഷം അവസ്ഥ കൂടുതല്‍ ദയനീയമായി. സര്‍ക്കാര്‍ നികുതിയിളവു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നികുതിയിളവു കൊണ്ടു മാത്രം കാര്യമില്ല. ഡീസല്‍ സബ്‍സിഡി ഉള്‍പ്പെടെ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും അബ്‍ദുള്‍ നാസര്‍ പറയുന്നു.