കണ്ണൂര്‍:  വാഹന പരിശോധന നടത്തുന്ന പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരയെും കബളിപ്പിക്കാൻ നമ്പർ പ്ലേറ്റുകൾ ഒടിച്ചും ഉയർത്തി വച്ചും നിരത്തിലൂടെ ബൈക്കില്‍ കോളേജ് വിദ്യാര്‍ത്ഥികളെ പിടികൂടി പൊലീസ്. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. 

അടുത്തിടെ ഹെൽമറ്റ് ധരിക്കാതെ പൊലീസിനെ വെട്ടിച്ച് പാഞ്ഞു പോകുന്നത് ഈ മേഖലയില്‍ പതിവാണ്. ഇതോടെ ഇത്തരക്കാരെ ബൈക്കിന്റെ നമ്പർ നോക്കി പൊലീസ് പിടിക്കാൻ തുടങ്ങി. അപ്പോഴാണ് പുതിയ അടവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്.

ബൈക്കിന്‍റെ മുന്നിലെ നമ്പർ പ്ലേറ്റ് രണ്ടുഭാഗത്തേക്ക് ഒടിച്ചു വച്ചും പിറകിലെ നമ്പർ പ്ലേറ്റ് മുകളിലേക്ക് ഉയർത്തി വച്ചും പൊലീസിനെ കബളിപ്പിക്കാനായിരുന്നു ശ്രമം.  ഇങ്ങനെ കാഞ്ഞിരങ്ങാടിന് സമീപം രണ്ട് കോളജ് വിദ്യാർഥികൾ പൊലീസിനെ വെട്ടിച്ച് ഇങ്ങനെ വാഹനം ഓടിച്ച് പോയി. ഇതോടെ തളിപ്പറമ്പിലേക്ക് വിവരം കൈമാറി ഇവരെ പിടികൂടുകയായിരുന്നു. 

മറ്റൊരു ബൈക്കിനെ നഗര പരിസരത്ത് വച്ചും പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇത്തരത്തിൽ നമ്പർ പ്ലേറ്റുകൾ മറച്ച് വച്ച് ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തുടർന്നും വാഹനം പിടിച്ചെടുത്ത് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.