ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ മൂന്നാം തലമുറ X6 കൂപ്പെ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ് ഡ്രൈവ് 40ഐ എക്‌സ്‌ലൈന്‍, എക്‌സ് ഡ്രൈവ് 40ഐ എംസ്‌പോട്ട് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്.  95 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ചാണ് മൂന്നാം തലമുറ X6 ഇന്ത്യയിലെത്തുന്നത്. ആദ്യമായി കസ്റ്റമൈസ് ചെയ്യുനുള്ള ഓപ്ഷനും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇല്ലുമിനേഷന്‍ ലൈറ്റുകളുള്ള സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഓപ്ഷണലായി നല്‍കുന്ന അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്‌ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള മസ്‌കുലര്‍ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് ഈ എസ്‌യുവിയുടെ മുന്‍വശത്ത് മാറ്റമൊരുക്കുന്നത്. 

ആഗോള നിരത്തുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ X6 കൂപ്പെ എസ്‌യുവിയുടെ പെട്രോള്‍ മോഡല്‍ മാത്രമായിരിക്കും എത്തുക. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

ആറ് കളര്‍ കോമ്പിനേഷനുകളിലുള്ള വെര്‍ണാസ്‌ക ലെതറില്‍ പൊതിഞ്ഞ ഡാഷ്‌ബോര്‍ഡ് അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നു. 12.3 ഇഞ്ച് ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മള്‍ട്ടി ഫങ്ഷന്‍ സീറ്റുകള്‍, ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഗിയര്‍ലിവര്‍, 20 സ്പീക്കറുകളുള്ള ത്രിഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് എയര്‍ പാക്കേജ് തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. 

പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന റൂഫ്, മികച്ച ഡിസൈനില്‍ രൂപകല്‍പ്പന ചെയ്‍ത ടെയ്ല്‍ഗേറ്റ്, ഷാര്‍പ്പ് ഷോള്‍ജര്‍ ക്രീസ്, എല്‍-ഷേപ്പിലുള്ള ടെയ്ല്‍ ലൈറ്റ്, സ്‌പോട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗത്തെ കൂടുതല്‍ മികച്ചതാക്കും. എം സ്‌പോട്ട് വേരിയന്റിനെ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും കറുപ്പണിഞ്ഞ അലോയി വീലും വ്യത്യസ്തമാക്കും.

ബിഎംഡബ്ല്യു ലേസര്‍ ലൈറ്റ്, ഹെഡ്അപ്പ് ഡിസ്‌പ്ലേ, കംഫോര്‍ട്ട് ആക്‌സസ്, പനോരമ ഗ്ലാസ് റൂഫ് സ്‌കൈ ലോഞ്ച്, ക്രാഫ്റ്റഡ് ക്ലാരിറ്റി ഗ്ലാസ് ആപ്ലിക്കേഷന്‍, ആംബിയന്റ് എയര്‍ പാക്കേജ്, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 21 ഇഞ്ച് ലൈറ്റ് അലോയി വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഓപ്ഷണലായും എത്തും.