ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ മോട്ടോര്‍ സൈക്കില്‍ ആര്‍18 ക്രൂസര്‍ ഏപ്രില്‍ മൂന്നിന് ആഗോള വിപണിയില്‍ എത്തും. ഓസ്റ്റിനില്‍ നടക്കുന്ന ദ ഹാന്‍ഡ്ബില്‍റ്റ് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രൊഡക്ഷന്‍ മോഡല്‍ അനാവരണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതേ വേദിയിലാണ് ബവേറിയന്‍ വാഹന നിര്‍മാതാക്കള്‍ മോട്ടോര്‍സൈക്കിളിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്.

1,800 സിസി, ബോക്‌സര്‍ ട്വിന്‍ എന്‍ജിനായിരിക്കും ബിഎംഡബ്ല്യു ആര്‍18 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഒരു ബീമര്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ എന്‍ജിനാണിത്. ഈ മോട്ടോര്‍ 91 എച്ച്പി കരുത്തും 158 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. താഴ്ന്ന റെവലൂഷനുകളില്‍ ഭൂരിഭാഗം ടോര്‍ക്കും ലഭിക്കും. മുന്നില്‍ രണ്ട് ഡിസ്‌ക്കുകളും പിന്നില്‍ ഒരു ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറായിരിക്കും.

ഈ വാഹനത്തെ ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തല്‍ക്കാലം സ്ഥിരീകരണമില്ല. നാവിഗേഷന്‍ അസിസ്റ്റ് സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയേക്കും. പൂര്‍ണമായും എല്‍ഇഡി നല്‍കിയതായിരിക്കും ഹെഡ്‌ലൈറ്റ്. ക്രൂസര്‍ മോട്ടോര്‍സൈക്കിളായതിനാല്‍ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ലഭിച്ചേക്കും.