ഹീറോയുടെ പുതിയ ബിഎസ്6 കംപ്ലയിന്റ് മാസ്ട്രോ എഡ്‍ജ് 110 സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു. STD, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന് യഥാക്രമം 60,950, 62,450 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 

പ്ലെഷർ പ്ലസിന് കരുത്തേകുന്ന അതേ ബിഎസ്-VI എഞ്ചിനാണ് മാസ്ട്രോ എഡ്ജ് 110-ന്റെ രണ്ട് വേരിയന്റുകളിലും. ഈ 110.9 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 8 bhp പവറും 5,500 rpm-ൽ 8.75 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. സിവിടി ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ആക്‌സിലറേഷനും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് കമ്പനി പറയുന്ന എക്‌സെൻസ് സാങ്കേതികവിദ്യയും മാസ്ട്രോ എഡ്‍ജ് 110-ലുണ്ട്.

സ്കൂട്ടറിന്റെ ഡിസൈൻ ബി‌എസ്6 പതിപ്പിന് സമാനമാണെങ്കിലും പുതിയ ബോഡി ഡെക്കലുകലും കളർ ഓപ്ഷനും ബിഎസ്-VI ഹീറോ മാസ്ട്രോ 110 പതിപ്പിന് ലഭിക്കുന്നത് ശ്രദ്ധേയമാണ്. ഹാലൊജെൻ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് സെൻസർ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിക്കുന്നത്.

അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി പോർട്ട്, ബാഹ്യ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയും ഹീറോ 110 മാസ്ട്രോയിൽ ഉണ്ട്. മൊത്തം ആറ് കളർ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.   2 കിലോഗ്രാം ഭാരം സ്കൂട്ടറിന് വർധിച്ചിട്ടുണ്ട്. നിലവിൽ 112 കിലോഗ്രാം ഭാരത്തിലാണ് മാസ്ട്രോ എഡ്ജിനെ ഹീറോ ഒരുക്കിയിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നില്‍ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ. 12 ഇഞ്ച് ഫ്രണ്ട് വീലിലും 10 ഇഞ്ച് പിൻവീലുമാണ് മാസ്ട്രോയ്ക്ക്. ഹോണ്ട ആക്‌ടിവ 6G, ടിവിഎസ് ജുപ്പിറ്റർ തുടങ്ങിയ മോഡലുകളാണ് 110 സിസി സെഗ്മെന്റിൽ ഹീറോ മാസ്ട്രോയുടെ മുഖ്യ എതിരാളികള്‍.