ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ ജിക്സർ ശ്രേണിയിലെ 150 സിസി മോഡലുകളായ ജിക്സർ, ജിക്സർ എസ്എഫ് എന്നിവയുടെ ബിഎസ്6  പതിപ്പുകള്‍ വിപണിയില്‍ എത്തി.

മാർച്ച് ആദ്യ വാരം തന്നെ അവതരിപ്പിച്ച ഈ മോഡലുകളെ മാർച്ച് അവസാനത്തോടെ വിപണിയിലെത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. പക്ഷേ കൊറോണ വൈറസ് വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം ലോഞ്ച് നീട്ടി വയ്‍ക്കുകയായിരുന്നു. 

മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ആണ് ജിക്സർ 250-യും ജിക്സർ എസ്എഫ് 250-യും വിപണിയിലെത്തുക.  സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആണ് ജിക്സർ 250. ജിക്സർ 250 എസ്എഫ് ഫുൾ ഫെയേഡ് മോഡലും. 

249 സിസി സിംഗിൾ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ജിക്സർ 250 ശ്രേണിയെ ചലിപ്പിക്കുന്നത്. പരിഷ്‌ക്കാരങ്ങൾക്ക് ശേഷം ഈ എൻജിൻ 9300 ആർപിഎമ്മിൽ 26 ബിഎച്പി പവറും 7300 അർപിഎമ്മിൽ 22.2 എൻഎം ടോർക്കും ആണ് നിർമ്മിക്കുന്നത്. ബിഎസ്4 എൻജിന്റെ ഔട്പുട്ടുമായി താരതമ്യം ചെയ്യുമ്പോൾ പവറിൽ മാറ്റം വന്നിട്ടില്ല അതേസമയം ടോർക്കിൽ 0.4 എൻഎം കുറവ് വന്നിട്ടുണ്ട്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് പരിഷ്കരിച്ച എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രോം ടച്ചുള്ള ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഭംഗിയേറിയെ അലോയ് വീലുകൾ എന്നീ ഫീച്ചറുകൾ ബിഎസ്6 ജിക്സർ 250 ശ്രേണിയിലും മാറ്റമില്ലാതെ തുടരുന്നു. ഉയരവും വീതിയുമുള്ള ഹാൻഡിൽബാർ, വലിയ ടാങ്ക് ഷ്രോഡുകൾ എന്നിവ ജിക്സർ 250-യുടെ മാറ്റ് കൂട്ടുമ്പോൾ, ഉയരം കുറഞ്ഞ ഹാൻഡിൽ ബാർ, മസിലൻ ഫെയറിംഗ്, വിൻഡ്ഷീൽഡ് എന്നിവയുമായാണ് ജിക്സർ എസ്എഫ് 250 വരുന്നത്.

ജിക്സർ 250-യുടെ പരിഷ്കരിച്ച മോഡലിന് Rs 1.63 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. ജിക്സർ 250 എസ്എഫിന് Rs 1.74 ലക്ഷവും. ബിഎസ്4 മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്6 ജിക്സർ 250-യ്ക്ക് Rs 3,400 രൂപയും, ജിക്സർ 250 എസ്എഫിന് Rs 3,000 രൂപയും കൂടുതലാണ്. അതെ സമയം ലോക മോട്ടോജിപി ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ്പിൽ സുസുക്കിയുടെ ടീമിന്റെ നിറങ്ങളും ഗ്രാഫിസും ചേർത്തൊരുക്കിയ ജിക്‌സർ എസ്എഫ് 250 മോട്ടോ ജിപി എഡിഷന് Rs 1.75 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.