അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന വി സ്‌ട്രോം 650 എക്സ്‍ടി അഡ്വഞ്ചർ ടൂറര്‍ ബിഎസ്6 മോഡൽ  ഉടനെത്തും. വാഹനത്തിന്‍റെ വരവ് വ്യക്തമാക്കി സുസുക്കി ടീസർ പുറത്തു വിട്ടു. രാജ്യത്ത് ലോക്ക്ഡൗൺ തീരുന്നതിന് അനുസരിച്ച് ലോഞ്ച് നടന്നേക്കും. ബിഎസ്6 വി-സ്ട്രോം 650 എക്സ്ടി-യുടെ ബുക്കിംഗ് സുസുക്കി ഉടൻ ആരംഭിച്ചേക്കും.

71 എച്ച്പി പവറും 62.3 എൻഎം ടോർക്കും വികസിപ്പിക്കുന്ന 645 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനായിരുന്നു ബിഎസ്4 വി-സ്ട്രോം 650 എക്സ്‍ടിയുടെ ഹൃദയം. എൻജിൻ പരിഷ്‌ക്കാരങ്ങൾക്ക് ശേഷവും പവർ, ടോർക്ക് എന്നിവയിൽ മാറ്റം വരാൻ സാദ്ധ്യതയില്ല. ബിഎസ്4 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഫീച്ചറുകൾ വർദ്ധിച്ചിട്ടിട്ടില്ലാത്തതിനാൽ ബിഎസ്6 വി-സ്ട്രോം 650 എക്സ്ടി-യുടെ വില കാര്യമായി ഉയരാൻ സാദ്ധ്യതയില്ല.

ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ബിഎസ്6 വി-സ്ട്രോം 650 എക്സ്‍ടിയെ സുസുക്കി അവതരിപ്പിച്ചിരുന്നു. പെട്രോൾ ടാങ്കിനോപ്പം ഇത്തവണ മുന്നിലേക്ക് കയറി നിൽക്കുന്ന ബീക്കിനും മഞ്ഞ നിറം സുസുക്കി നൽകിയിട്ടുണ്ട്. മാത്രമല്ല നീല നിറത്തിന്റെ ഗ്രാഫിക്‌സ് കൂട്ടിച്ചേർത്ത് വി-സ്ട്രോം 650 എക്സ്ടിയിൽ പുതുമ വരുത്തിയിട്ടുണ്ട്. കോപ്പർ ഗോൾഡ് നിറത്തിലുള്ള ടയർ റിം ആണ് മറ്റൊരു ആകർഷണം. ബാക്കി വാഹനത്തിന്റെ ഭാഗങ്ങളെല്ലാം ഇതുവരെയുണ്ടായിരുന്ന മോഡലിന് സമാനമായി തുടരുന്നു.

ആഗോള വിപണിയിൽ വി-സ്ട്രോം 650 എക്സ്ടി കൂടാതെ ഒരു അഡ്വഞ്ചർ മോഡലുമുണ്ട്. എൻജിൻ, സ്പെസിഫിക്കേഷൻ എന്നീ കാര്യങ്ങളിൽ രണ്ട് മോഡലും സമാനമെങ്കിലും ദീർഘദൂര യാത്രയ്ക്കുപകരിക്കുന്ന ഒരു പിടി ഫീച്ചറുകൾ അഡ്വഞ്ചർ മോഡലിൽ അധികമായുണ്ട്. അലുമിനിയം പാനീയേർസ്, ഹാൻഡിൽബാർ ബ്രേസ്, ക്രാഷ് പ്രൊട്ടക്ഷൻ, സെന്റർ സ്റ്റാൻഡ് (എക്സ്ടിയിൽ ഇത് ഓപ്ഷണൽ എക്സ്ട്രായാണ്) എന്നിവയാണ് ചിലത്. വി-സ്ട്രോം 650 എക്സ്ടിയോടൊപ്പം അഡ്വഞ്ചർ മോഡലും സുസുക്കി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നറിയാൻ കാത്തിരിക്കണം.