അപ്പാഷെ ആർടിആർ 4V ശ്രേണിയുടെ ബിഎസ്6 പതിപ്പുകളുടെ വില കൂട്ടി ടിവിഎസ്. ആർടിആർ 160 4V ഡ്രം, ഡിസ്ക് വെർഷനും അപ്പാച്ചെ ആർടിആർ 200 4V ഡ്യുവൽ ഡിസ്ക് വേർഷന്റെയും വിലയാണ് കൂട്ടിയത്. ആർടിആർ 160 4V-യുടെ വില Rs 2,000 രൂപ കൂട്ടിയപ്പോൾ ആർടിആർ 200 4V-യുടെ വില Rs 2,500 രൂപയാണ് വർദ്ധിപ്പിച്ചത്.

എൻജിനിൽ ചേർത്തിരിക്കുന്ന റേസ് ട്യുൻഡ്-ഫ്യുവൽ ഇൻജെക്ഷൻ (RT-Fi) എന്ന ഇലക്ട്രോണിക് ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യയാണ് ബിഎസ്6 പരിഷ്‌കാരങ്ങളോടെ എത്തിയ പുതിയ അപ്പാഷെ ആർടിആർ ശ്രേണിയുടെ പ്രധാന പ്രത്യേകത. കൂടാതെ ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) എന്ന നഗര യാത്രകളിൽ സ്മൂത്ത് ആയ പവർ ഡെലിവറി നൽകുന്ന സാങ്കേതിക വിദ്യയും ബിഎസ്6 മോഡലുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

എൻജിൻ സ്പെസിഫിക്കേഷനിലോ പവറിലോ ബിഎസ്6 അപ്പാഷെ ആർടിആർ ശ്രേണിയ്ക്ക് മുൻ മോഡലുമായി വ്യത്യാസമില്ല. അപ്പാഷെ ആർടിആർ 200 4V-യിൽ 20.50 എച്പി പവർ നിർമിക്കുന്ന 197.75 സിസി സിംഗിൾ-സിലിണ്ടർ, 4-വാൽവ്, ഓയിൽ-കൂൾഡ് എൻജിൻ തന്നെയാണ്. ടോർക്ക് പക്ഷെ പുതിയ മോഡലിൽ 18.10 എൻഎമ്മിൽ നിന്ന് 16.80 എൻഎം ആയി കുറഞ്ഞിട്ടുണ്ട്. അപ്പാച്ചെ ആർടിആർ 160 4V-യിൽ 159.7 സിസി ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ്. 16.80 എച്ച്പി പവറും 14.80 എൻഎം ടോർക്കും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പക്ഷെ 16.02 എച്ച്പി പവറും 14.12 എൻഎം ടോർക്കും മാത്രമേ അപ്പാച്ചെ ആർടിആർ 160 4V-യുടെ എൻജിൻ ഉല്‍പ്പാദിപ്പിക്കുന്നുള്ളു.