ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ്  ഓരോദിവസവും നമ്മുടെ നിരത്തുകളില്‍ നടക്കുന്നത്. മിക്ക അപകടങ്ങളിലും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്യുന്നു. ഭാഗ്യം കൊണ്ടു മാത്രം വന്‍ദുരന്തങ്ങള്‍ തലനാരിഴക്ക് ഒഴിവാകുന്ന സംഭവങ്ങളുമുണ്ട്. 

അമിതവേഗവും അശ്രദ്ധയുമൊക്കെയാണ് ഇത്തരം പല അപകടങ്ങളുടെയും മുഖ്യകാരണം. ഈ അപകടങ്ങളുടെയൊക്കെ നേര്‍ക്കാഴ്ചകള്‍ നമുക്ക് കാട്ടിത്തരാന്‍ ഇന്ന് സിസിടിവി ക്യാമറകളുണ്ട്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കാനുമൊക്കെ ഇത്തരം വീഡിയോകള്‍ ഒരുപക്ഷേ സഹായകരമായേക്കും. 

ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വളവില്‍ വച്ച് കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് വീഴുന്ന ബസിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. കാറിനെ കണ്ട് പെട്ടെന്ന് ഡ്രൈവര്‍ വെട്ടിച്ചപ്പോള്‍ ബസ് ഓടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്നും ചാടിയറങ്ങുന്ന ഡ്രൈവര്‍ കാറിനു നേരെ പായുന്നതും വീഡിയോയില്‍ കാണാം. 

എന്തായാലും എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും ഈ സംഭവത്തില്‍ ആരാണ് കുറ്റക്കാരന്‍ എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. ബസ് ഡ്രൈവറുടെ അമിതവേഗതയാണ് സംഭവത്തിനു കാരണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ കാര്‍ ഡ്രൈവറെ കുറ്റപ്പെടുത്തുകയാണ് മറ്റൊരു കൂട്ടര്‍. എന്തായാലും വീഡിയോ കണ്ട് നിങ്ങള്‍ക്കും തീരുമാനിക്കാം ആരാണ് കുറ്റക്കാരനെന്ന്.