അലക്ഷ്യമായും അപകടകരമായും ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് വേറിട്ട ശിക്ഷ നല്‍കി ജനങ്ങള്‍. ഡ്രൈവര്‍മാരെ ബസിനു മുകളില്‍ കയറ്റി നിര്‍ത്തി ഏത്തമിടുവിച്ചായിരുന്നു ശിക്ഷ. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത റാവുവിലാണ് സംഭവം.

നഗരത്തിലെ റാവു പൊലീസ് സ്റ്റേഷനടുത്താണ് സംഭവം. ഇൻഡോറിനും മൊഹോയ്ക്കുമിടയിലുള്ള ഇന്‍റർസിറ്റി ബസുകൾ പതിവായി കടന്നു പോകുന്ന റൂട്ടാണിത്. 
ഈ റോഡുകളിലെ അലക്ഷ്യമായ ബസ് ഡ്രൈവിംഗ് കാൽനടയാത്രക്കാർക്ക് ഉള്‍പ്പെടെ ഭീഷണിയാണെന്നാണ് ജനം പറയുന്നത്. ബസ് ഡ്രൈവർമാരാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നതെന്നും മുമ്പ് നിരവധി അപകടങ്ങളിൽ പലർക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 

ഡ്രൈവർമാർ ബസുകൾ റോഡുകൾക്ക് നടുവിൽ ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിർത്താറുണ്ടെന്നും മറ്റ് ബസുകളെ റോഡുകളിൽ മത്സരയോട്ടം നടത്തി നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താൻ ജീവനക്കാർ മരണപ്പാച്ചിൽ നടത്താറുണ്ടെന്നുമാണ് ജനങ്ങളുടെ ആരോപണം. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ജനം പറയുന്നു.

ഒടുവില്‍ നഗരവാസികൾ സംഘം ചേര്‍ന്ന് ഇത്തരം അരഡസനോളം ബസ് ഡ്രൈവർമാരെ പിടികൂടി. തുടര്‍ന്ന് അവരെ അതാത് ബസുകളുടെ മുകളിൽ കയറ്റി നിര്‍ത്തി ഏത്തം ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാ ഡ്രൈവർമാരോടും അവരുടെ ബസുകളുടെ മുകളിൽ കയറി ചെവിയിൽ പിടിച്ച് കുറഞ്ഞത് 15 ഏത്തം വീതം ചെയ്യാനാണ് ആവശ്യപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

എന്തായാലും ജനങ്ങളുടെ ഇടപെടലോടെ ഇനി ഇത്തരം ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.