വാഹന പരിശോധനക്കിടെ അന്തര്‍ സംസ്ഥാന ബസിനെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പരന്നു.
കൊച്ചി: അമിത വേഗതയ്ക്ക് പിഴയടക്കാതെ മുങ്ങി നടന്ന അന്തര്‍ സംസ്ഥാന ബസിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തുടര്‍ന്ന് വാഹനത്തിന് മേല്‍ മുമ്പ് ഏതെങ്കിലും തരത്തിലുള്ള കേസുകളോ പിഴയോ ചുമത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഇലക്ട്രോണിക്ക് ചലാന്‍ ഉപയോഗിച്ച് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അന്തം വിട്ടു. അമിതവേഗതയില്‍ വാഹനം ഓടിയത് 206 തവണ. ഒടുവില്‍ പിഴ കണക്കു കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് സംഭവം. കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍സിന്‍റെ ബസാണ് ഇത്രയും നാള്‍ പിഴ അടയ്ക്കാതെ മുങ്ങിനടന്നത്. കല്ലട ബസിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതാണ് ഈ ബസുകാര്‍ക്കും വിനയായത്.
ഈ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് രേഖകള്‍ പരിശോധിച്ചപ്പോഴാണ് അമിതവേഗതയ്ക്ക് 206 ചലാനുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പിഴ അടപ്പിക്കുകയായിരുന്നു.
അമിത വേഗത്തില്‍ പാഞ്ഞതിന് പിഴ അടയ്ക്കാതിരുന്ന മറ്റ് നാലു ബസുകള്‍ക്കും പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ച് അനധികൃതമായി ചരക്കുകടത്തിയ 25 ബസുകള്‍ക്കും പരിശോധനയില്‍ പിടികൂടി.
സിസിടിവി ദൃശ്യങ്ങളിലൂം മറ്റും പെടുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാണ് ഇലക്ട്രോണിക്ക് ചലാന്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിംഗ്, അമിതവേഗം എന്നിവയെല്ലാം സൂഷ്‍മമായി പരിശോധിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. തങ്ങളുടെ വാഹനങ്ങള്‍ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്കും പരിശോധിക്കാന്‍ സാധിക്കും.
