ഒരു ഞെട്ടിക്കുന്ന ബസപകടത്തിന്‍റെ കഥ പറഞ്ഞ സിനിമയാണ് എങ്കെയും എപ്പോതും. ഈ സിനിമയിലെ അപകട രംഗത്തില്‍ കൂട്ടിയിടിക്കുന്നതിനു തൊട്ടു മുമ്പ് സഡന്‍ ബ്രേക്കിടുന്ന ബസുകളിലൊന്നില്‍ നിന്നും ഒരു ജീവനക്കാരന്‍ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങള്‍ പലരും മറന്നുകാണില്ല. രണ്ട് ബസുകളുടെയും ഇടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയാണ് അയാള്‍. ഈ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബസപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തമിഴ്‍നാട്ടിലെ കമ്പം - തേനി റോഡില്‍ ഈ മാസം ആദ്യവാരം നടന്ന അപകടത്തിന്‍റെ വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുതിച്ചു പായുന്ന സ്വകാര്യ ബസിന്‍റെ മുന്നിലേക്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നെത്തിയ ബൈക്കാണ് അപകടത്തിന്‍റെ മൂലകാരണം. ബസിലെ തന്നെ സിസിടിവി ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ബൈക്കിനെ കണ്ട് ബസ് ഡ്രൈവര്‍ മുത്തു സഡന്‍ ബ്രേക്കിട്ടു. അതോടെ കണ്ടക്ടര്‍ വിജയന്‍ ബസിന്‍റെ വിന്‍ഡ് ഷീല്‍ഡു തകര്‍ത്ത് പുറത്തേക്ക് തെറിച്ചു. മുമ്പിലെത്തിയ ബൈക്കിനൊപ്പം  മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച ബസ് വിജയന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് നിന്നത്. വിജയനും ഒരു ബൈക്ക് യാത്രികനും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡ് മുറിച്ചുകടന്നെത്തിയആദ്യ ബൈക്കിലെ യാത്രികരായ സ്‍ത്രീയെയും പുരുഷനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.