Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണില്‍ പിടിച്ച വണ്ടി തിരിച്ചുകിട്ടിയെന്നു കരുതി സന്തോഷിക്കേണ്ട; ഇനിയാണ് പണി!

ലോക്ക് ഡൗണിനിടെ നിയമം ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ വാഹനം തിരികെ ലഭിച്ചെന്നു കരുതി അധികം ആഹ്ളാദിക്കേണ്ട. 

Case Against Lock Down Violation Vehicles In Kerala
Author
Trivandrum, First Published Apr 12, 2020, 12:55 PM IST

ലോക്ക് ഡൗണിനിടെ നിയമം ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്. തിങ്കളാഴ്ച മുതല്‍ ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം.  പൊലീസ് അറിയിക്കുന്നതിന് അനുസരിച്ചാവും വാഹനങ്ങള്‍ വിട്ടു നല്‍കുക.

ഇതിനായി ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തി നിര്‍ദിഷ്ട പൊലീസ് ഉദ്യോഗസ്ഥന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം. പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന നിബന്ധനയുടെ മേലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക.

എന്നാല്‍ വാഹനം തിരികെ ലഭിച്ചെന്നു കരുതി അധികം ആഹ്ളാദിക്കേണ്ട. ഇതുമായി ബന്ധപ്പെട്ട കേസും നടപടികലും പൊലീസ് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമാസം മുതല്‍ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്. പകര്‍ച്ചവ്യാധിനിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പോലീസ് ആക്ടും അനുസരിച്ചുള്ള നടപടികളാവും നടക്കുക. 

കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം. ഐപിസി 188 അനുസരിച്ച് ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുക. പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ആറുമാസത്തെ തടവുവരെ ലഭിക്കാം. ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കേരള പോലീസ് ആക്ട് 118(ഇ) മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

ഇപ്പോള്‍ വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കളി മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെങ്കില്‍ വിട്ടുനല്‍കുന്ന വണ്ടിയുമായി വീണ്ടും പിടിയിലായാല്‍ ജാമ്യം പോലും കിട്ടില്ല. ഒപ്പം ഇപ്പോഴത്തെ വകുപ്പുകള്‍ മാറ്റി കൂടുതല്‍ ശക്തമായ വകുപ്പുകളും ചുമത്തും. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിച്ച ഈ വാഹനങ്ങള്‍ സ്ഥല പരിമിതി മൂലമാണ് വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. 
 

Follow Us:
Download App:
  • android
  • ios