ആറായിരത്തോളം കന്നുകാലികളുമായി ചരക്കുകപ്പല്‍ മുങ്ങി. ന്യൂസീലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കു കപ്പലാണ് മുങ്ങിയത്. കിഴക്കൻ ചൈനാക്കടലിൽ കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ എഞ്ചിൻ തകരാറായിതെ തുടർന്നാണ് അപകടം.  43 ജീവനക്കാരും 6,000 കന്നുകാലികളുമാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാ കപ്പലുകളും  വിമാനങ്ങളും നീന്തല്‍വിദഗ്ധരെയും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേസാക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ഉണ്ടായിരുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. തെക്കന്‍ ചൈനക്കടലില്‍ വെച്ച് കപ്പലിന്റെ എന്‍ജിന്‍ തകരാറിലാവുകയും മുങ്ങുകയുമായിരുന്നു.

ഫിലിപ്പീന്‍സ് സ്വദേശിയായ ഒരു ജീവനക്കാരനെ മാത്രമേ ജാപ്പനീസ് തീരസേനയ്ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. 45കാരനായ സെറെനോ എഡ്വാറൊഡോയാണ് രക്ഷപ്പെട്ടത്. എന്‍ജിന്‍ തകരാറിലായതോടെ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍, വെള്ളത്തില്‍ ചാടിയശേഷം ആരെയും കണ്ടില്ലെന്നും സെറെനോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്നു കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തല്‍വിദഗ്ധരും രക്ഷാപ്രവര്‍ത്തത്തിന്റെ ഭാഗമായിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 39 ജീവനക്കാരും ഫിലിപ്പീന്‍സില്‍ന നിന്നുള്ളവരാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നാണ് ബാക്കിയുള്ളവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.