കൊച്ചി: ഹെൽമറ്റ് തലയിൽ വയ്ക്കാതെ തൂക്കിയിട്ട് ബൈക്ക് ഓടിച്ചു വന്ന യുവാവിനെ വാഹന പരിശോധനക്കിടെ തടഞ്ഞു നിര്‍ത്തുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.  ഹെല്‍മറ്റിനുള്ളില്‍ താമസമുറപ്പിച്ച പഴുതാരയെ കണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്രികനും ഞെട്ടി. 

കഴിഞ്ഞദിവസം കാക്കനാട് ഇൻഫോപാർക്ക് പരിസരത്തായിരുന്നു സംഭവം. ഇൻഫോപാർക്ക് ജീവനക്കാരനായിരുന്നു ബൈക്ക് യാത്രികന്‍. ബൈക്ക് തടഞ്ഞ ഉദ്യോഗസ്ഥര്‍ യുവാവിനോട് ഹെൽമെറ്റുണ്ടായിരുന്നിട്ടും ധരിക്കാത്തതിന് കാരണം അന്വേഷിച്ചു. ഹെൽമെറ്റ് വയ്ക്കുമ്പോൾ തലയിൽ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നുമായിരുന്നു മറുപടി. 

അതോടെ ഹെൽമെറ്റിനുള്ളിൽ എന്തെങ്കിലും ജീവിയെ കണ്ടെത്തിയാൽ പിഴ അടയ്ക്കേണ്ടെന്നും ഇല്ലെങ്കിൽ 1,000 രൂപ പിഴ ഈടാക്കുമെന്ന് യുവാവിന് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി.

ഉടന്‍ തന്നെ ധൈര്യസമേതം യാത്രക്കാരൻ ഹെൽമെറ്റ് ഉദ്യോഗസ്ഥന് പരിശോധനയ്ക്കായി എടുത്തു നല്‍കി. തുടർന്ന് ഹെല്‍മറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അതിനുള്ളിൽ വലിയ പഴുതാരയെ കണ്ടെത്തുകയായിരുന്നു. അതോടെ യാത്രക്കാരനും ഉദ്യോഗസ്ഥരും ഞെട്ടി. 

ഹെൽമെറ്റ് തലയിൽ വയ്ക്കാത്തതിനു യുവാവ് പറഞ്ഞ കാരണം സത്യമാണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ അയഞ്ഞു. അതോടെ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്‍താലുള്ള ഭവിഷ്യത്തുകളെപ്പറ്റി യുവാവിന് ബോധവല്‍ക്കരണം നല്‍കി. തുടര്‍ന്ന് ഇനിമുതല്‍ യാത്രക്ക് തൊട്ടുമുമ്പ് ഹെൽമറ്റ് വിശദമായി പരിശോധിച്ച ശേഷം തലയിൽ ധരിക്കണമെന്ന ഉപദേശത്തോടെ പിഴ ഈടാക്കാതെ തന്നെ വിട്ടയക്കുകയായിരുന്നു.