Asianet News MalayalamAsianet News Malayalam

കൊറോണ കവര്‍ന്ന സല്‍പ്പേര് തിരിച്ചുപിടിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ചൈനീസ് വണ്ടിക്കമ്പനികള്‍!

 'ബ്രാൻഡ് വുഹാന്റെ' സൽപേരിനാണ് ഇപ്പോൾ കൊറോണവൈറസ് കളങ്കം ചാർത്തിയിരിക്കുന്നത്. 

China offers heavy discounts to made in wuhan cars in to promote post covid sales
Author
China, First Published May 16, 2020, 3:04 PM IST

വുഹാൻ എന്ന പേരുകേൾക്കുമ്പോൾ ഇന്ന് ജനങ്ങളുടെ മനസ്സിൽ ആദ്യമുണ്ടാകുന്നത് ഒരു ഞെട്ടലാണ്. മനസ്സിലേക്ക് കടന്നുവരുന്നത് റംബൂട്ടാൻ പഴത്തിന്റെ ആകൃതിയിലുള്ള കൊറോണാ വൈറസിന്റെ രൂപമാണ്. വിശാലചൈനയ്ക്കുള്ളിലും അങ്ങനെ ഒരു ദുഷ്പ്പേരിന് കൊവിഡ് ബാധക്ക് ശേഷം വുഹാൻ നഗരം ഇരയാണ്. എന്നാൽ കഴിഞ്ഞ കൊല്ലം വരെയും വുഹാൻ എന്ന പേരിന് അങ്ങനെ ഒരു ദുഷ്കീർത്തി ഉണ്ടായിരുന്നില്ല. വുഹാൻ കാറുകളുടെ, എയർ കണ്ടീഷണറുകളുടെ ഒക്കെ നിർമ്മാണ കേന്ദ്രമായിരുന്നു. ചൈനയിലെ തന്നെ പ്രധാനപ്പെട്ട വ്യവസായ ഹബ്ബുകളിൽ ഒന്ന്. ആ 'ബ്രാൻഡ് വുഹാന്റെ' സൽപേരിനാണ് ഇപ്പോൾ കൊറോണവൈറസ് കളങ്കം ചാർത്തിയിരിക്കുന്നത്. അത് വുഹാനിൽ നിർമിക്കപ്പെടുന്ന കാറുകളുടെ വിൽപ്പനയെ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 

ചൈനയിലെ കൊവിഡ് ബാധ നിയന്ത്രണാധീനമായ ശേഷം രാജ്യത്തെ വാഹനവിപണിക്ക് ഊർജം കൈവന്നിരുന്നു എങ്കിലും, അത് വുഹാനിൽ പ്രതിഫലിച്ചിരുന്നില്ല. കൊറോണ വൈറസിന്റെ പേരിൽ വുഹാൻ നഗരത്തിനുണ്ടായ ഈ ക്ഷീണം മാറ്റാൻ വേണ്ടി ഇപ്പോൾ സബ്‌സിഡിയുടെ പെരുമഴയുമായി വുഹാൻ നഗരത്തിന്റെ ഭരണാധികാരികൾ രംഗത്തെത്തിയിരിക്കുകയാണ്. 

വുഹാനിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 10,000 യുവാനാണ് സബ്‌സിഡി. നമ്മുടെ നാട്ടിലെ 1,07,000 രൂപയോളം വരും അത്. പെട്രോൾ വാഹനങ്ങൾക്ക് 5,000 യുവാന്റെ സബ്സിഡിയാണ് ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പൗരന്മാരുടെ സെൽഫോണുകളിലേക്ക് അയച്ച ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാണ് ഈ സബ്‌സിഡി പ്രഖ്യാപനങ്ങൾ ചൈനയിലെ ജനങ്ങളെ തേടിയെത്തിയത്. 

കാറുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ ഓഫർ. വുഹാനിലെ ഫാക്ടറികളിൽ നിർമിച്ച എയർ കണ്ടീഷനുകൾ, വാട്ടർ ഹീറ്ററുകൾ, റെഫ്രിജറേറ്ററുകൾ എന്നിവ വാങ്ങുന്നവർക്കും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും. 2020 അവസാനം വരെയാണ് ഈ ഓഫറിന്റെ വാലിഡിറ്റി എന്നാണ് ടെക്സ്റ്റ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ചൈനയിൽ നിന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ടോങ്ഫെങ്, ഹോണ്ട, പ്യൂഷോ, ജനറൽ മോട്ടോർസ്, SAIC എന്നിങ്ങനെ നിരവധി ആധുനിക വാഹനനിർമാതാക്കളുടെ ചൈനയിലെ സാന്നിധ്യമുള്ളത് വുഹാനിലാണ്. 

Follow Us:
Download App:
  • android
  • ios