Asianet News MalayalamAsianet News Malayalam

ദേ വീണ്ടുമൊരു ചൈനാക്കാരന്‍, അന്ധാളിപ്പില്‍ ഇന്ത്യന്‍ വാഹനലോകം!

ചൈനീസ് വാഹനങ്ങളിലെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയും എതിരാളികളുടെ ഉറക്കംകെടുത്തുന്നു. ചൈനയില്‍ നിന്നുള്ള വാഹനങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യയിലെ മറ്റു വണ്ടിക്കമ്പനികളുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയേക്കും.

Chinese carmaker Haima Automobile confirms India entry
Author
Mumbai, First Published Dec 25, 2019, 5:08 PM IST

ഇന്ത്യന്‍ നിരത്തും വിപണിയും കീഴടക്കിക്കൊണ്ടിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ഹെക്ടര്‍. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ് ചൈനയില്‍ നിന്നുതന്നെയുള്ള വാഹന ഭീമന്മാരായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‍സും ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സും.

ഇപ്പോഴിതാ ഇന്ത്യന്‍ നിരത്തുകളിലേക്ക് മറ്റൊരു ചൈനീസ് വാഹനനിര്‍മാതാക്കള്‍ കൂടിഎത്താനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്ന നാലാമന്‍. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹൈമയുടെ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

ഇന്ത്യയില്‍ എത്തുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈമ ഓട്ടോമൊബൈല്‍സ് അധികൃതര്‍ ചര്‍ച്ച നടത്തിയെന്നും നിരത്തുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്‌നറായ ബേര്‍ഡ് ഓട്ടോമോട്ടീവുമായി സഹകരിച്ചായിരിക്കും ഹൈമ ഓട്ടോമൊബൈല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേഡിന്റെ ബാഡ്‍ജിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയേക്കും.

ഐഷാങ് 360 ഹാച്ച്ബാക്ക്, E7 എംപിവി, E5 എസ്‌യുവി, E3 സെഡാന്‍ എന്നിവയാണ് ഹൈമയുടെ ഇലക്ട്രിക് വാഹനശ്രേണി. ഇതിനുപുറമെ, M3 സെഡാന്‍, M8 സെഡാന്‍, S5 യോങ് എസ്‌യുവി, S5 എസ്‌യുവി, S7 എസ്‌യുവി, F7 എംപിവി, 8S എസ്‌യുവി, 7X എപിവി എന്നീ വാഹനങ്ങളും ഹൈമയില്‍ നിന്ന് നിരത്തിലെത്തുന്നുണ്ട്.

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക സിറ്റിയിൽ 1988 ൽ ആണ് ഹൈമ ഓട്ടോമൊബൈൽസ് ആരംഭം കുറിച്ചത്.  ജാപ്പനീസ് കാർ നിർമാതാക്കളായ മസ്‍ദയുടെ റീബാഡ്‍ജ് ചെയ്‍ത വാഹനങ്ങൾ ചൈനയില്‍ ഇറക്കുന്നതിനായിരുന്നു ഹൈനാന്‍-മസ്ത കമ്പനികള്‍ ചേര്‍ന്നാണ് ഹൈമ ഓട്ടോമൊബൈല്‍സ് രൂപീകരിച്ചത്. 2006-ല്‍ മസ്‍ദയുടെ ഓഹരി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമൊബൈൽ വർക്ക്സ്  (എഫ്എഡബ്ല്യു) ഗ്രൂപ്പ് ഏറ്റെടുത്തു.

അതോടെ എഫ്എഡബ്ല്യു ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനി ഇപ്പോൾ ഹൈമ ഗ്ലോബൽ ആർക്കിടെക്ചർ (എച്ച്എംജിഎ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി സ്വന്തമായി എസ്‌യുവികൾ, എംപിവികൾ, വൈദ്യുതീകരിച്ച വാഹനങ്ങൾ എന്നിവ വികസിപ്പിക്കുന്നു.

ചൈനയിൽ നടന്ന 2019 ഗ്വാങ്‌ഷോ ഓട്ടോ ഷോയിൽ പുതിയ എംപിവിയായ 7 എക്സ്  ഹൈമ ഓട്ടോമൊബൈൽ അവതരിപ്പിച്ചിരുന്നു. ഹൈമ 7 എക്‌സിൽ മസെരാട്ടി-എസ്‌ക് ഗ്രിൽ, ഏഴ് സീറ്റുകൾ, കണ്ണക്ടഡ് സിസ്റ്റം, വലിയ ഒരു ടച്ച് സ്ക്രീൻ എന്നിവ പ്രതീക്ഷിക്കാം. 7 എക്സ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വലുതാണ്.

ഈ വർഷം ആദ്യം കമ്പനി ഹൈമ 8 എസ് മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കിയിരുന്നു, ഇത് അളവനുസരിച്ച് കിയ സെൽറ്റോസിനും എംജി ഹെക്ടറിനുമിടയിലാവും സ്ഥാനം. വാഹനത്തിൽ 135 hp കരുത്തും 293NM ടോർക്കും ഉല്പാദിപ്പിക്കുന്ന 1.6 ലിറ്റർ T-GDI എൻജിൻ ആണ് കമ്പനി നൽകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ ജോഡി ആക്കിയിരിക്കുന്നു. വാഹനം 8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്തനാണ്.

ഇന്ത്യയിലെ ഓട്ടോ എക്സ്പോ 2020 ൽ ഹൈമ ഓട്ടോമൊബൈൽ ഏതൊക്കെ മോഡലുകളാണ് പ്രദർശിപ്പിക്കുകയെന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യൻ വാഹനപ്രേമികളില്‍ നുംന്ന് വിലയേറിയ ഫീഡ്‌ബാക്ക് നേടാനുള്ള അവസരമായി ഈ ഷോയെ ചൈനീസ് കാർ നിർമ്മാതാക്കൾ ഉപയോഗപ്പെടുത്തും. 2020 ഓടെ പ്ലഗ്-ഇൻ ഹൈബ്രിഡുകളും ശക്തമായ ഹൈബ്രിഡുകളും വികസിപ്പിക്കുന്നതിതിലുമുള്ള തയ്യാറെടുപ്പിലാണ് ഹൈമ ഇപ്പോൾ.

അതിനിടെ ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തു കഴിഞ്ഞു. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം ഹവല്‍ ഇന്ത്യ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്.

അതുപോലെ ചാന്‍ങാന്‍ കമ്പനി അധികൃതരും അടുത്തിടെ നിരവധി തവണ ഇന്ത്യയിലെത്തിയെന്നും വിപണി സാധ്യതയും മറ്റും വിലയിരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ കമ്പനിയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി ധാരണയിലെത്തിയതായും ഗുരുഗ്രാം കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ചാന്‍ങാന്‍ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി 4,000 കോടിയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയേക്കും. സെഡാന്‍, എസ്.യു.വി, ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, എംപിവി എന്നീ നിരകളില്‍ നിരവധി വാഹനങ്ങള്‍ ചാന്‍ങാന്‍ നിരയില്‍ ചൈനയിലുണ്ട്. ഇതില്‍ എസ്.യു.വി മോഡലുകളായിരിക്കും ചാന്‍ങാന്‍ ആദ്യം ഇങ്ങോട്ടെത്തിക്കുക. 2022ഓടെ ഇന്ത്യയിലെ പ്രവര്‍ത്തനം ചാന്‍ങാന്‍ തുടങ്ങിയേക്കുമെന്നാണ് സൂചന.

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടറാണ് ഇന്ത്യയിലെ ആദ്യ ചൈനീസ് വാഹനം. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്.  

എന്തായാലും ചൈനയില്‍ നിന്നുള്ള വാഹനങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യയിലെ മറ്റു വണ്ടിക്കമ്പനികളുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയേക്കും. ചൈനീസ് വാഹനങ്ങളിലെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയും തന്നെയാകും എതിരാളികളുടെ ഉറക്കംകെടുത്തുക. 

Follow Us:
Download App:
  • android
  • ios