Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് വേണ്ടി മാത്രം ചൈനീസ് കമ്പനി പുതിയ എഞ്ചിനുണ്ടാക്കുന്നു

ഇന്ത്യയ്ക്കായി ഏറെ പ്രത്യേകതയുള്ള വാഹനമൊരുക്കി ചൈനീസ് കമ്പനി. ഏറെ സവിശേഷതകള്‍ ഉള്ള എഞ്ചിനാണ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്തുന്നത്. 

Chinese vehicle company develop engine for india
Author
Bengaluru, First Published Dec 27, 2019, 12:17 PM IST

ബെംഗളൂരു: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ മാക്‌സസ് D90 എസ്‍യുവി ഇന്ത്യയിലെത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയ്ക്കായി ഏറെ പ്രത്യേകതയുള്ള വാഹനമാണ് ചൈനീസ് കമ്പനി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചൈനീസ് വിപണിയിലുള്ള ഈ വാഹനത്തില്‍ 224 പിഎസ് പവറും 360 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഹൃദയം. എന്നാല്‍ ഇന്ത്യക്ക് മാത്രമായി ഈ വാഹനത്തില്‍ നല്‍കാന്‍ സ്വന്തമായി 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സ്വന്തമായി വികസിപ്പിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

6-സ്പീഡ് മാന്വൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ടാകും. ഓട്ടോമാറ്റിക്, ഇക്കോണമി, മോഷൻ, സ്നോ, സാൻഡി, മഡ്, റോക്ക് എന്നിങ്ങനെ ഏഴോളം ഡ്രൈവിംഗ് മോഡുകളും ഫോർ-വീൽ ഡ്രൈവ് സംവിധാനവും ഇന്ത്യയ്ക്കായുള്ള മോഡലിലുണ്ടാകും. മാത്രമല്ല ഈ പുതിയ ഡീസല്‍ എന്‍ജിന്‍ 2022-ഓടെ ഹെക്ടറിലും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഹെക്ടറില്‍ ഫിയറ്റ്-ക്രൈസ്‌ലര്‍ വികസിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. മാക്‌സസ് D90  വാഹനം ഇന്ത്യയിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Read More: ഇന്ത്യക്ക് വേണ്ടി മാത്രം ചൈനീസ് കമ്പനി പുതിയ എഞ്ചിനുണ്ടാക്കുന്നു

പരുക്കൻ എസ്‌യുവിയെ ഇന്ത്യക്ക് വേണ്ടി എം‌ജി പൂർണ്ണ വലുപ്പത്തിലുള്ള ഏഴ് സീറ്ററായി കോസ്മെറ്റിക് പരിഷ്‍കാരങ്ങൾ നൽകി പുനർനിർമ്മിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പ്രധാനമായും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ടാറ്റ ഗ്രാവിറ്റാസ് എന്നീ എസ്‌യുവികളോട് മത്സരിക്കാനായിരിക്കും മാക്സസ് ഡി 90 എത്തുക. 5005 എംഎം നീളവും 1932 എംഎം വീതിയും 1875 എംഎം ഉയരവും 2950 എംഎം വീൽബേസുമുണ്ട് മാക്‌സസ് D90ന്. അതായത് ഫോർച്യൂണറിനേക്കാളും എൻഡവറിനേക്കാളും കൂടുതല്‍.

കറുപ്പിൽ പൊതിഞ്ഞ വലിപ്പമേറിയ ഗ്രിൽ, നീളം കൂടിയ റാപ്പ്-എറൗണ്ട്‌ ഹെഡ് ലാംപ്, കറുപ്പ് ഘടകങ്ങൾ ചേർന്ന സ്പോർടിയായ മുന്നിലെയും പിന്നിലെയും ബമ്പറുകൾ, ബോഡി ക്ലാഡിങ് എന്നിവ മാക്‌സസ് D90-യുടെ എസ്‌യുവി ഭാവം ഊട്ടിയുറപ്പിക്കുന്നു. കറുപ്പിൽ പൊതിഞ്ഞ ബി,സി പില്ലറുകൾ, റൂഫ് റെയിലുകൾ, റിയർ വ്യൂ മിറർ കവർ, അലോയ് വീൽ എന്നിവ മാക്‌സസ് D90ന്‍റെ സ്പോര്‍ട്ടി ഭാവം ഉറപ്പിക്കും.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രെക്ക് സിസ്റ്റം, പനോരാമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി കാമറ, 12.3-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഇലക്ട്രിക്ക് ടൈൽഗേറ്റ് എന്നിവയാണ് മാക്‌സസ് D90-യിലെ പ്രധാന ഫീച്ചറുകൾ. ഏകദേശം 30 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ടൊയോട്ട ഫോർച്യൂണറിനോടും ഫോർഡ് എൻഡവറിനോടുമാണ് മത്സരിക്കുക.  2020ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറുന്ന വാഹനം 2020 ന്റെ അവസാനത്തിൽ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനും ഒരുങ്ങുകയുമാണ് എംജി.  3000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2000 കോടിയുടെ നിക്ഷേപമാണ് എംജി ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തില്‍ വന്‍ വിജയം കൊയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പണമിറക്കാനുള്ള കമ്പനിയുടെ ഈ തീരുമാനം.  
 

Follow Us:
Download App:
  • android
  • ios