ബെര്‍ലിങ്കോ എംപിവി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത്
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യയിലെത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഇതിനിടെ മറ്റൊരു മോഡലിനെ കൂടി ഇന്ത്യന്‍ നിരത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സിട്രോൺ ബെർലിംഗോ എന്ന എംപിവിയാണ് ആ വാഹനം. ബെര്‍ലിംഗോ എംപിവി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പോര്‍ട്ടലായ ഓട്ടോകാർ പുറത്തുവിട്ടു. ഇതൊരു പ്രീമിയം എംപിവി ആകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിട്രോൺ ബെർലിങ്കോ ബോക്‌സി ഡിസൈനുള്ള ഒരു യഥാർത്ഥ എംപിവി മോഡൽ ആണ്. 4.4 മീറ്റർ നീളമുള്ള ബെർലിങ്കോ, 4.75 മീറ്റർ നീളമുള്ള ബെർലിങ്കോ എക്‌സ്എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആഗോള വിപണിയിൽ ബെർലിങ്കോയുള്ളത്. ഇതിൽ നീളം കൂടിയ മോഡൽ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍. 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാകും വാഹനത്തിന്‍റെ ഹൃദയം.
സിട്രോൺ ബെർലിങ്കോ എംപിവിയുടെ വരവ് കമ്പനി ഔദ്യോഗിമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ നിരത്തില്‍ എത്തിയാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളി.
അതേസമയം സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി സികെ ബിർള ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ് സിട്രോൺ ബ്രാൻഡിലുള്ള വാഹനങ്ങൾ നിർമ്മിക്കുക. പ്രധാന ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്തു ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന കംപ്ലീറ്റ്ലി നോക്ക്‍ഡ് ഡൗൺ രീതിയിലാണ് സി5 എയർക്രോസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. പിന്നീട് കൂടുതൽ വാഹന ഭാഗങ്ങൾ ഇന്ത്യയിൽ നിന്നും സോഴ്സ് ചെയ്യും.
പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് C5 എയര്‍ക്രോസ് അവതരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവ ഉള്‍പ്പെട ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.
Image Courtesy : Auto Car India
