കൊവിഡ് 19 ബാധിച്ച് മരിച്ച രണ്ടു യാത്രക്കാരുടെ മൃതദേഹങ്ങളും പന്ത്രണ്ടോളം പോസീറ്റിവ് കൊവിഡ് കേസുകളുമായി അമേരിക്കന്‍ ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് ഒടുവില്‍ തീരത്തണഞ്ഞു. ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവില്‍ മിയാമി തീരത്താണ് കപ്പല്‍ നങ്കൂരമിട്ടത്. 

മാര്‍ച്ച് അഞ്ചിന് ചിലിയിലെ സാന്‍റിയാഗോയില്‍ നിന്നാണ് കപ്പല്‍  യാത്ര ആരംഭിക്കുന്നത്. മാര്‍ച്ച് 19 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ അവസാനിക്കേണ്ടതായിരുന്നു ഈ യാത്ര. എന്നാല്‍ കൊവിഡ് 19ന്‍റെ പശ്‍ചാത്തലത്തില്‍ അര്‍ജന്‍റീന ഉള്‍പ്പെടെ വിവിധ തീരങ്ങള്‍ കപ്പലിനെ അടുപ്പിക്കാന്‍ വിസമ്മതിച്ചതോടെയാണ് യാത്ര നീണ്ടുപോയത്.

ഈ യാത്രക്കാണ് ഇപ്പോള്‍ സമാപനമായത്.  ആദ്യം ബ്യൂണസ് ഐറീസില്‍ കപ്പല്‍ നങ്കൂരമിട്ടിരുന്നു. പക്ഷേ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കോറൽ പ്രിൻസസ് കടലില്‍ കുടുങ്ങി. 

പിന്നീട് ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുക്കാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കരീബിയന്‍ ഐലന്റ് രാജ്യമായ ബാര്‍ബഡോസില്‍ നിന്ന് ഇന്ധനം നിറച്ച് യുഎസ് ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒടുവില്‍ ഏപ്രില്‍ നാലിനാണ് കപ്പല്‍ മിയാമി തീരത്ത് എത്തിയത്. 

1020 യാത്രക്കാരും 878 ജീവനക്കാരുമായി എത്തിയ കപ്പലിലെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. കപ്പലിലെ ഏഴു യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  993 പേര്‍ക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും എന്നാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കേണ്ട നിരവധി ആളുകള്‍ കപ്പലിലുണ്ടെന്നും മിയാമി പൊലീസ് പറയുന്നു.  അമേരിക്കന്‍ കമ്പനിയായ പ്രിന്‍സസ് ക്രൂസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് കോറല്‍ പ്രിന്‍സ്.