ഒരു കാലത്ത് ബോളിവു‍ഡുലെ ലേഡി സൂപ്പർതാരമായിരുന്നു മാധുരി ദീക്ഷിത്. വാഹനങ്ങളോടുള്ള മാധുരിയുടെ പ്രേമം പ്രസിദ്ധമാണ്. ബെൻസ് എസ് ക്ലാസും മെബാക്കും റേഞ്ച് റോവറും തുടങ്ങി ആഡംബര കാറുകളാല്‍ സമ്പന്നമാണ് മാധുരിയുടെ ഗാരേജ്.  എന്നാല്‍ മാധുരി സ്വന്തമാക്കിയ പുതിയ ഇന്നോവ ക്രിസ്റ്റയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ താരം. 

വെറുമൊരു ഇന്നോവ ക്രിസ്റ്റ അല്ലിത്. ആഡംബര വാഹനങ്ങളെ തോല്‍പ്പിക്കുന്ന വിധത്തില്‍ പരിഷ്‍കരിച്ച വാഹനമാണ് ഈ ഇന്നോവ. സാധാരണ ഇന്നോവയെ വെല്ലുന്ന ആഡംബരങ്ങളാണ് ഇതില്‍ നിറയെ. റോൾസ് റോയ്സ് കാറുകളെ അനുസ്മരിപ്പിക്കുന്ന ആകാശത്തെ നക്ഷത്രങ്ങൾ പൊലുള്ള റൂഫ് ഡിസൈനാണ്. കൂടാതെ റൂഫിൽ ആംബിയന്റ് ലൈറ്റുകളുമുണ്ട്. മധ്യ നിര സീറ്റുകളുടെ നടുക്കായി കൂൾഡ് സ്റ്റോറേജ് സ്പെയ്സും നൽകിയിട്ടുണ്ട്. 

പിന്നിലെ യാത്രക്കാർക്കായി ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും ഒരുക്കിയിരിക്കുന്നു. ഇന്നോവയുടെ മൂന്നാം നിര സീറ്റുകൾ ഊരി മാറ്റാതെ അവയ്ക്കും പ്രീമിയം ലെതർ ഫിനിഷ് നൽകിയിട്ടുണ്ട്. ഇന്നോവയുടെ പെട്രോൾ ഓട്ടമാറ്റിക്ക് പതിപ്പിലാണ് മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്.  

ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സോഫാ സ്റ്റൈൽ‌ മധ്യനിര സീറ്റുകൾ തന്നെയാണ് ഇന്നോവയുടെ ഹൈലൈറ്റ്. ഡോർപാ‍ഡിൽ അടക്കം ലതർ ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു. കൂടാതെ വുഡൻ ഇൻസേർട്ടുകളുമുണ്ട്. എല്ലാ ലെതർ ഭാഗങ്ങൾക്കും ഡയമണ്ട് സ്റ്റിച്ചിംഗ് ലഭിക്കുന്നു. അത് വാഹനത്തിന് പ്രീമിയം ആഢംബര അനുഭവം കൂടുതൽ മികച്ചതാക്കുന്നു. കൂടാതെ, റൂഫിൽ അധിക ഉപകരണങ്ങൾ ലഭിക്കുന്നു. റൂഫിൽ ലൈറ്റുകളുള്ള ഒരു പാനൽ ഉണ്ട്, കൂടാതെ ആംബിയന്റ് ലൈറ്റുകളും വാഹനത്തെ വേറിട്ടതാക്കുന്നു. 

ക്യാബിനിൽ പിയാനോ ബ്ലാക്ക് ഘടകൾ ഉപയോഗിച്ച് ധാരാളം മരം പാനലുകൾ ലഭിക്കുന്നു. മധ്യ നിരയിലെ സീറ്റുകൾക്കിടയിലുള്ള സെൻട്രൽ പാനൽ രണ്ട് കപ്പ് വഹിക്കാൻ പര്യാപ്തമാണ്, അവ എടുത്തു മാറ്റാവുന്നതുമാണ്. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ട് വ്യക്തിഗത സ്ക്രീനുകളും മധ്യ നിര യാത്രക്കാർക്ക് ലഭിക്കും. അവസാന വരി സീറ്റുകൾ DC2 നീക്കംചെയ്യാതെ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നത് മനോഹര കാഴ്‍ചയാകുന്നു.

പെട്രോൾ ഓട്ടോമാറ്റിക്ക് ആണ് മാധുരി ദീക്ഷിതിന്റെ ഈ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം എന്നാണ് സൂചന. നിരവധി ബോളിവുഡ് താരങ്ങളുടെ ഇഷ്‍ട വാഹനമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. മലൈക അറോറ, ജാക്കി ഷ്രോഫ് തുടങ്ങിയവരെല്ലാം അതില്‍പ്പെടും. 

 പ്രശസ്ത വാഹന ഡിസൈനർ കമ്പനിയായ ഡിസി ഡിസൈനാണ് മാധുരിക്കായി ഇന്നോവ ക്രിസ്റ്റയുടെ ആഡംബരം കൂട്ടിയത്. നിരവധി മോഡിഫിക്കേഷനുകളാല്‍‌ ശ്രദ്ധേയമാണ് ഡിസി. മഹീന്ദ്ര ഉള്‍പ്പെടെയുള്ള നിർമ്മാതാക്കളുമായി ചേര്‍ന്ന് ഡീലർ‌ഷിപ്പ് തലത്തിൽ‌ ഇത്തരം മോഡിഫിക്കേഷനുകളും ഡിസി ചെയ്യാറുണ്ട്.