നമ്പര്‍ പ്ലേറ്റ് മറച്ച വലിയ വാഹനങ്ങള്‍ക്കും ബൈക്കുകള്‍ക്കും കേരളത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും പൊലീസുമൊക്കെ ചുമത്തുന്ന പിഴ അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. 

വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറക്കുന്നതും അവ്യക്തവും തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ വയ്ക്കുന്നതുമൊക്കെ കടുത്ത നിയമ ലംഘനമാണ്. നിരത്തുകളില്‍ അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങളില്‍ ഭൂരിപക്ഷവും നാഷണ്‍ പെര്‍മിറ്റുള്ള കൂറ്റന്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഇത്തരം വാഹനങ്ങളാണ്. എന്നാല്‍ ഇങ്ങനെ നമ്പര്‍ പ്ലേറ്റ് മറച്ച ഈ വലിയ വാഹനങ്ങള്‍ക്കും ബൈക്കുകള്‍ക്കും കേരളത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും പൊലീസുമൊക്കെ ചുമത്തുന്ന പിഴ അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. 

വലിയ വാഹനങ്ങളെക്കാള്‍ മൂന്നിരട്ടിയിലധികം പിഴയാണ് ഇത്തരം ഇരുചക്രവാഹന യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. അതായത് ഇരുചക്രവാഹന യാത്രക്കാരില്‍ നിന്നും 330 രൂപവീതം പിഴ ഈടാക്കുമ്പോള്‍ ലോറികള്‍ക്ക് വെറും 100 രൂപ മാത്രം. ഈ വേര്‍തിരിവും നീതിനിഷേധവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. കല്ലട ബസിലെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചത്. 

ഓരോ മണിക്കൂറിലും രാജ്യത്ത് എട്ട് വാഹനങ്ങള്‍ വീതം അപകടമുണ്ടാക്കി നിര്‍ത്താതെ പോകുന്നുവെന്നും രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിലും മരണങ്ങളിലും 14 ശതമാനവും ഇത്തരത്തിലുള്ളതാന്നുമാണ് കണക്ക്. ഇത്തരം അപകടങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 21,000 പേര്‍ക്ക് ജീവന്‍ നഷ്‍ടപ്പെടുന്നു. 

എന്നാല്‍ ഇത്തരം അജ്ഞാത വാഹനങ്ങളില്‍ പിടികൂടപ്പെടുന്നതാകട്ടെ കേവലം പത്ത് ശതമാനത്തോളം വാഹനങ്ങള്‍ മാത്രമാണെന്നും ഓരോ വര്‍ഷം കഴിയുമ്പോഴും പിടികൂടാത്ത അജ്ഞാത വാഹനങ്ങളുടെ എണ്ണം കൂടിവരികയാണെന്നുമാണ് ദേശീയ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍.

രാജ്യത്തെ മിക്ക റോഡുകളിലും ക്യാമറ സംവിധാനങ്ങളുണ്ടായിട്ടും ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ കഴിയാത്തതിനുള്ള പ്രധാന കാരണം നമ്പര്‍ പ്ലേറ്റ് മറച്ചുള്ള ഈ സൂത്രപ്പണികളാണെന്ന് ചുരുക്കം. കേരളത്തില്‍ ഇത്തരം കേസുകളിലെ പ്രതികളില്‍ 65 ശതമാനത്തില്‍ അധികവും ലോറികളും ബസുകളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റ് അവ്യക്തമെന്ന് പറഞ്ഞ് പിഴ ഈടാക്കിയ വാഹനങ്ങളില്‍ ഭൂരിപക്ഷം ഏതാണെന്ന് അറിയുമ്പോഴാണ് അമ്പരക്കുക. 65 ശതമാനത്തോളം ഇരുചക്രവാഹനങ്ങളാണ് അവ. അതായത് പിടകൂടപ്പെടുന്ന വിരലില്‍ എണ്ണാവുന്ന കൂറ്റന്‍ വാഹനങ്ങളെക്കാളും മൂന്നിരട്ടി പഴ അടച്ചിരിക്കുന്നത് പാവപ്പെട്ട ബൈക്ക് യാത്രികരാണെന്ന് ചുരുക്കം!