ദില്ലി പൊലീസില്‍ ചേര്‍ന്ന് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ മോട്ടോർ സൈക്കിളുകള്‍. കറുത്ത നിറമുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററില്‍ നഗരം ചുറ്റുന്ന പൊലീസുകാരന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ഡ മീഡിയയില്‍ വൈറലായതോടെയാണ് ഇക്കാര്യം വാഹന ലോകത്ത് ചര്‍ച്ചയായത്. 

കറുത്ത നിറത്തിലുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിന്റെ ഇന്ധന ടാങ്കിലും ബാറ്ററി ബോക്സ് കവറിലും ഡൽഹി പൊലീസ് എന്ന സ്റ്റിക്കർ കാണാം. പിന്നിലെ മഡ്‌ഗാർഡിലും ഒരു ചെറിയ ഡൽഹി പൊലീസ് സ്റ്റിക്കർ ഉണ്ട്.

സൈഡ് ഗാർഡിലും ബൈക്കിന്റെ പിൻഭാഗത്തും ഫ്ലാഷറുകൾ കാണാം. ദൈനംദിന ഡ്യൂട്ടിക്ക് പൊലീസുകാർ വഹിക്കേണ്ട എല്ലാ ഔദ്യോഗിക ഉപകരണങ്ങളും മറ്റ് കാര്യങ്ങളും സൂക്ഷിക്കാൻ ഒരു സൈഡ് ബോക്സും വാഹനത്തിനുണ്ട്. ബൈക്കിൽ ഒരു ബാക്ക് റെസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

അടുത്തിടെ ദില്ലി പൊലീസ് പന്ത്രണ്ട് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ മോട്ടോർസൈക്കിളുകളും ഏഴ് റോയൽ എൻഫീൽഡ് തണ്ടർബേഡ് 500 ഉം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം പതിനാറ് മഹീന്ദ്ര സ്കോർപിയോ എസ്‌യുവികളും വാങ്ങി സേന വാങ്ങിയിരുന്നു.

ദില്ലി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുംഔദ്യോഗിക പട്രോളിംഗ് ബൈക്കുകളായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ ബൈക്കുകളിൽ ഭൂരിഭാഗവും വളരെ പഴക്കം ചെന്നവയാണ്.

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ  റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.  ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും.