ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഡെറ്റല്‍ പുതിയ ഇലക്ട്രിക് മോപ്പെഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈസി ഇലക്ട്രിക് എന്ന് പേരിട്ടിരിക്കുന്ന മോപ്പെഡിന് 19,999 രൂപയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്ത് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണിത്.  ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രാഥമികമായി ഹ്രസ്വദൂര യാത്രക്കാരെയും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യം വച്ചുള്ളതാണ്. 

250W ഹബ് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ ആണ് വാഹനത്തിന്‍റെ ഹൃദയം. ഇത് 48V 12AH LiFePO4 ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നു. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് 7 മുതല്‍ 8 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. 25 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടിന്റെ പരമാവധി വേഗത. ഡെറ്റല്‍ ഈസി സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹന രജിസ്‌ട്രേഷനോ ആവശ്യമില്ല. കൂടാതെ, സ്‌കൂട്ടര്‍ ചാര്‍ജ്ജ് തീര്‍ന്നാല്‍, പിന്‍ ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന പെഡല്‍ സംവിധാനവും സ്‍കൂട്ടറിലുണ്ട്. 

പുതുതായി വിപണിയില്‍ ഡെറ്റല്‍ ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു യൂട്ടിലിറ്റേറിയന്‍ ഡിസൈനിലാണ് എത്തുന്നത്. മുന്‍വശത്ത് ഒരു ബാസ്‌കറ്റ്, ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്ന റൈഡര്‍ സീറ്റ്, ഫ്‌ലാറ്റ് പില്യണ്‍ സീറ്റ്, ബാക്ക്റെസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു.

ഇലക്ട്രിക് മോപ്പെഡ് ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, മെറ്റാലിക് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഡെറ്റല്‍ ഈസി ലഭ്യമാണ്. വാങ്ങലും ഉടമസ്ഥാവകാശ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഇഎംഐ ഫിനാന്‍സ് സ്‌കീമുകള്‍ നല്‍കുന്നതിന് കമ്പനി ബജാജ് ഫിന്‍സെര്‍വുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.