ദുബായില്‍ ഇനിമുതല്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ ഓഫാക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടാല്‍ പിഴയെന്ന് പൊലീസ്.  300 ദിര്‍ഹം വരെ പിഴ ചുമത്താന്‍ ദുബായ് പൊലീസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

വേനല്‍ക്കാലങ്ങളില്‍ വാഹനം ചൂടാകുന്നത് ഒഴിവാക്കാന്‍ എന്‍ജിന്‍ ഓണ്‍ ചെയ്‍തിടുക പതിവാണ്. മാത്രമല്ല റസ്റ്ററന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുന്നതിനോ  ഗ്രോസറികളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനോ എ.ടി.എം കൗണ്ടറില്‍ പോകുമ്പോഴോ ആളുകള്‍ വാഹനങ്ങള്‍ താത്കാലികമായി നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുക പതിവാണ്. 

ഇത്തരത്തില്‍ കാര്‍ ഓഫ്‌ചെയ്യാതെ പുറത്തിറങ്ങുമ്പോള്‍ മോഷണം നടത്താന്‍ എളുപ്പമാണെന്ന് പൊലീസ് പറയുന്നു. എമിറേറ്റില്‍ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എന്‍ജിന്‍ ഓണ്‍ ചെയ്‍തിട്ടിരുന്ന സമയങ്ങളിലാണെന്ന് പൊലീസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

എന്‍ജിന്‍ ഓഫ് ചെയ്‍ത് വാഹനം ലോക്കുചെയ്തുവേണം ഡ്രൈവര്‍മാര്‍ പുറത്തിറങ്ങാനെന്നും ആളൊഴിഞ്ഞ ഉള്‍പ്രദേശങ്ങളിലോ മണല്‍പ്രദേശങ്ങളിലോ ദീര്‍ഘനേരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്നും വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.