എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ  ഇ എസ് എൽ) വാങ്ങുന്ന വൈദ്യുത വാഹനങ്ങളില്‍ 150 നെക്സോണ്‍ ഇവി കൂടി സ്ഥാനം പിടിക്കും. ഹ്യുണ്ടായിയുടെ കോന ഇവിയുടെ 100 യൂണിറ്റുകള്‍ ഇഇഎസ്എല്‍ വാങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പുറമേയാണ് 150 നെക്സോണ്‍ ഇവിയും വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വൈദ്യുത വാഹനം വാങ്ങാനുള്ള ഓർഡറുകൾ ടാറ്റ മോട്ടോഴ്‍സിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യക്കും ഇ ഇ എസ് എൽ കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നിർമാതാക്കളടക്കം പങ്കെടുത്ത ടെൻഡർ നടപടിക്രമങ്ങൾക്കൊടുവിലാണു വാഹനം ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സിനെയും ഹ്യുണ്ടേയിയെയും തിരഞ്ഞെടുത്ത്. കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനമാണ് ഇ ഇ എസ് എൽ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ കാറുകൾക്കു പകരക്കാരായിട്ടാവും ഈ വൈദ്യുത വാഹനങ്ങളുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

14.99 ലക്ഷം രൂപ വിലയുള്ള നെക്സോണ്‍ ഇ വി   13,000 രൂപ കുറച്ച് 14.86 ലക്ഷത്തിനാകും ടാറ്റ ഇ ഇ എസ് എല്ലിനു വിൽക്കുക. അധിക സഞ്ചാര ശേഷിയുള്ള കോന വിപണി വിലയില്‍ നിന്നും 11 ശതമാനം കുറച്ച് 21.36 ലക്ഷം രൂപയ്ക്കാണു ഹ്യുണ്ടായി ഇ ഇ എസ് എല്ലിനു നല്‍കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏഷ്യൻ വികസന ബാങ്കി(എ ഡി ബി)ൽ നിന്നുള്ള ധനസഹായം പ്രയോജനപ്പെടുത്തിയാണ് ഇ ഇ എസ് എൽ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത്. 

ഇ മൊബിലിറ്റി പദ്ധതിയുടെ പിന്തുണയോടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവർത്തനം അസംസ്കൃത എണ്ണയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇ ഇ എസ് എല്ലിന്‍റെ കണക്കുകൂട്ടല്‍. 

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് ടാറ്റ നെക്‌സോൺ-ഇവി 2020 ജനുവരിയിലാണ് വിപണിയിലെത്തിയത്. മാര്‍ച്ചില്‍ വാഹനത്തിന്‍റെ ഡെലിവറിയും തുടങ്ങി. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. 

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.  കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന  സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു.