കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നതിനെതിരെ കര്‍ശനമായ നടപടികളാണ് പുതിയ മോട്ടര്‍ വാഹന നിയമം വ്യവസ്ഥയ ചെയ്യുന്നത്.  രക്ഷിതാക്കള്‍ക്ക് 25000 രൂപ വരെ പിഴയും മൂന്നു വർഷം വരെ ജയിൽ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് ഇന്ന് രാജ്യത്തെ കുട്ടികളുടെ ഡ്രൈവിങ്. എന്നിട്ടും കുട്ടിക്ക് വണ്ടിയോടിക്കാന്‍ കൊടുത്ത് കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ഒരു രക്ഷിതാവ്.

എട്ടുവയസുകാരനായ മകന് ബൈക്കിന്‍റെ താക്കോല്‍ നല്‍കിയ രക്ഷിതാക്കളാണ് പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസുകാരനാണ് കുട്ടി ഡ്രൈവര്‍. ഹീറോ ബൈക്കിന്‍റെ ഇരുവശങ്ങളിലും പാല്‍പാത്രങ്ങളും തൂക്കി റോഡിലൂടെ പാഞ്ഞുപോകുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലൈസന്‍സ് ഇല്ലെന്ന് മാത്രമല്ല വളരെ അപകടകരമായ രീതിയിലാണ് കുട്ടി വാഹനം ഓടിക്കുന്നത്. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല്‍ പാത്രം തുക്കിയിട്ടിരിക്കുന്നത് കാണാം. മാത്രമല്ല ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും കുട്ടി ധരിച്ചിട്ടില്ലെന്നും വ്യക്തമാണ്. ബ്രേക്കിലേക്കു പോലും കാലെത്താത്ത കുട്ടിയുടെ പാച്ചില്‍ ഞെട്ടലോടെയാണ് പലരും കണ്ടത്.

ആരോ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് രക്ഷിതാവിനെതിരെ കേസെടുക്കുകയായിരുന്നു. കകോരി പോലീസാണ് എട്ടുവയസുകാരന്‍ ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്.  30000 രൂപയോളമാണ് രക്ഷിതാവിന് പിഴ ചുമത്തിയിരിക്കുന്നത്. കുട്ടിഡ്രൈവിങ്ങിന്റെ 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാൻ അനുവദിച്ചതിനുള്ള 5000 രൂപയും അടക്കമാണിത്. മാത്രമല്ല കേസ് കോടതിക്ക് കൈമാറുകയും ചെയ്‍തു. കോടതി നടപടികള്‍ക്കനുസരിച്ച് രക്ഷിതാവിന് ജയില്‍വാസം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.