Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണത് ഓടുന്ന ബസിനു മുകളില്‍!

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ 11 കെവി  ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു

Electric Line On Running Bus
Author
Trivandrum, First Published Jun 1, 2019, 5:25 PM IST

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ 11 കെവി  ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വർക്കല ക്ഷേത്ര റോഡിന് സമീപമായിരുന്നു അപകടം. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. താഴ്ന്നുകിടന്ന വൈദ്യുത കമ്പി കുരുങ്ങുകയായിരുന്നു. 

കാരേറ്റ്- വർക്കല റൂട്ടിൽ സർവ്വീസ് നടത്തുന്ന ചിത്തിര എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. താഴ്‍ന്നുകിടന്ന കമ്പി ബസില്‍ കുരുങ്ങി വലിഞ്ഞപ്പോള്‍ ദുർബലാവസ്ഥയിലായിരുന്ന ഇരുമ്പ് തൂണ്‍ ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ എതിരെ വാഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാകുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിനു മുകളില്‍ ഇലക്ട്രിക്ക് ലൈന്‍ വീണാല്‍...

ഇത്തരം അപകടങ്ങള്‍ നടന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വൈദ്യുതി ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്
  • ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം
  • തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക
  • വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക
  • സ്വയ രക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക
  • വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക
  • അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക
  • ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്
  • വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക
  • വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം
  • രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക
  • വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക
  • ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക
  • വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്‍റെ അടുത്തേക്ക് പോകുക
Follow Us:
Download App:
  • android
  • ios