Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ഫാന്‍സി നമ്പര്‍ ലേലം; സര്‍ക്കാരിന് വീണ്ടും അക്കിടി, ഉടമക്ക് മെഗാ ബമ്പര്‍!

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎല്‍ 01 സിഎം 01 എന്ന നമ്പറിനു വേണ്ടി നടന്ന ലേലംവിളി ഉടമക്ക് ലോട്ടറിയായപ്പോള്‍ സര്‍ക്കാരിന് വന്‍തിരിച്ചടി

Fancy Number Online Auction In Trivandrum M V D Loss Money
Author
Trivandrum, First Published Jul 23, 2019, 10:25 AM IST

തിരുവനന്തപുരം: വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ലേലം വിളിയിലൂടെ സാധരാണയായി ലക്ഷങ്ങളുടെ ലാഭമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും ഒന്നാം നമ്പര്‍ ഉള്‍പ്പെടെയുള്ള ലേലങ്ങള്‍ക്ക് വാശിയേറിയ ലേലം വിളിയാവും പലപ്പോഴും നടക്കുക. അപ്പോള്‍ തുക പിന്നെയും ഉയരും. എന്നാല്‍ പുത്തന്‍ വാഹനരജിസ്ട്രേഷന്‍ സംവിധാനമായ വാഹനിലേക്ക് മാറിയതിനു ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുടര്‍ച്ചയായി കഷ്‍ടകാലമാണ്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎല്‍ 01 സിഎം 01 എന്ന നമ്പറിനു വേണ്ടി നടന്ന ലേലംവിളി ഉടമക്ക് ലോട്ടറിയായപ്പോള്‍ സര്‍ക്കാരിന് വന്‍തിരിച്ചടിയായി. ഒരു കോടിരൂപയോളം കിട്ടുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ച ഈ ഫാന്‍സി നമ്പര്‍ വെറും ഒരു ലക്ഷം രൂപക്കാണ് വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയായ കെ എസ് ബാലഗോപാലാണ് ഭാഗ്യവാനായ ആ വാഹന ഉടമ. 

തന്റെ ബെൻസ് കാറിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ കാറിന്‍റെ നമ്പറുമായി സാമ്യമുള്ള സിഎം 01 എന്ന ഈ നമ്പര്‍ ബാലഗോപാല്‍ സ്വന്തമാക്കിയത്. ഏകദേശം ഒരുകോടി രൂപയോളം മോട്ടോർ വാഹന വകുപ്പ് ലേലത്തില്‍ പ്രതീക്ഷിച്ച ഈ നമ്പറിന് ഒരു ലക്ഷമായിരുന്നു അടിസ്ഥാന വില. എന്നാല്‍ ഈ നമ്പറിനായി ബാലഗോപാൽ മാത്രം എത്തിയതോടെ ലേലം ഒഴിവായി. അങ്ങനെ അടിസ്ഥാന ബുക്കിങ് വിലക്ക് നമ്പര്‍ ബാലഗോപാലിനു സ്വന്തവുമായി. 

ഒരു ഫാന്‍സി നമ്പറിനുവേണ്ടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന തുക ലേലം നടന്ന ചരിത്രമുള്ള തിരുവനന്തപുരം ആര്‍ടി ഓഫീസിനാണ് ഇപ്പോള്‍ ഈ കഷ്‍ടകാലമെന്നതാണ് കൗതുകം. കഴിഞ്ഞ ഫെബ്രുവരിയിൽ, സിഎം 01 എന്ന നമ്പറിനെക്കാൾ ആവശ്യക്കാർ‌ കുറവായ കെഎൽ 01 സികെ 01 എന്ന നമ്പർ 31 ലക്ഷം രൂപക്കാണ് ലേലത്തില്‍ പോയത്. ഇതേ  ബാലഗോപാൽ തന്നെയായിരുന്നു അന്ന് ഈ നമ്പറും സ്വന്തമാക്കിയത്. വാഹന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നേരിട്ട് നടന്ന വാശിയേറിയ ലേലത്തിലാണ്  തന്‍റെ പോർഷെ 718 ബോക്സ്റ്റർ കാറിനായി അന്ന് ഈ നമ്പര്‍ അദ്ദേഹം വാങ്ങിയത്. ആ 31 ലക്ഷം തന്നെയാണ് ഇപ്പോഴും റെക്കോർഡ് എന്നിരിക്കെയാണ് കഴിഞ്ഞ ദിവസത്തെ ലേലം ശ്രദ്ധേയമാകുന്നത്. 

വ്യവസായിയായ ബാലഗോപാലിന്‍റെ ഫാന്‍സി നമ്പര്‍ ചരിത്രവും കൗതുകകരമാണ്. അൻപതോളം വാഹനങ്ങൾക്ക് ഒന്നാം നമ്പർ വലിയ തുക മുടക്കിയാണ് ഇദ്ദേഹം  സ്വന്തമാക്കിയത്. 2017ല്‍ തന്‍റെ ലാൻഡ്ക്രൂസറിനു വേണ്ടി കെഎൽ 01 സിബി 1 എന്ന നമ്പർ 18 ലക്ഷം രൂപ മുടക്കിയാണു വാങ്ങിയത്. 2004 ൽ മൂന്നു ലക്ഷം രൂപ മുടക്കി കെ.എൽ 01 എകെ 1 എന്ന നമ്പറും സ്വന്തമാക്കി. 

രാജ്യവ്യാപകകേന്ദ്രിത വാഹനരജിസ്ട്രേഷന്‍ സംവിധാനമായ വാഹനിലേക്ക് ഫാന്‍സി നമ്പര്‍ ലേലം വിളി മാറിയതിനു ശേഷം വെല്ലുവിളികളൊന്നുമില്ലാതെയാണ് പല വാഹന ഉടമകളും ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്നത്. അടുത്തിടെ കെ.എല്‍. 01 സി.എല്‍ 01 എന്ന നമ്പറും ഒരു ലക്ഷം രൂപക്കാണ് ലേലത്തില്‍ പോയത്. ഇതുകാരണം കോടികളുടെ നഷ്ടമാണു കഴിഞ്ഞ 5 മാസമായി മോട്ടർ വാഹന വകുപ്പിനുണ്ടാകുന്നത്. 

പുതിയ സോഫ്റ്റ്‍വേര്‍ സംവിധാനത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമാണ് നമ്പര്‍ ലേലത്തില്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ലേലത്തിലെ പരിചയക്കുറവും സര്‍ക്കാരിന് നഷ്‍ടക്കച്ചവടമാകുന്നു. ഡീലർമാരാണ് ഇപ്പോൾ നമ്പർ ബുക്ക് ചെയ്യുന്നത് എന്നതിനാല്‍ ഒരു ഡീലർ ബുക്ക് ചെയ്യുന്ന നമ്പർ മറ്റു ഡീലർമാർ ആവശ്യപ്പെടാറില്ല.

ഒരോ നമ്പറിനും നിശ്ചിതസമയത്തിനുള്ളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. ഈ സമയം ഓണ്‍ലൈനില്‍ പണമടച്ചില്ലെങ്കില്‍ പിന്നീട് ബുക്ക് ചെയ്യാനാകില്ല. ഒന്നിലധികം പേര്‍ ബുക്ക് ചെയ്‍താല്‍ മാത്രമേഓണ്‍ലൈന്‍ ലേലത്തിലേക്ക് നീങ്ങൂ. കൃത്യസമയത്ത് ഓൺലൈനായി ലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ ആഗ്രഹിക്കുന്ന നമ്പർ കിട്ടുകയുമില്ല. 

പുതിയ സംവിധാനം സുതാര്യമാണെങ്കിലും ഇതിനു കാര്യമായ പ്രചാരം ലഭിക്കാത്തതും സര്‍ക്കാരിന് വിനയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും വാഹന ഉടമകളുടെ ശുക്രനും സര്‍ക്കാരിന്‍റെ ശനിയും എത്രകാലം തുടരുമെന്ന് കണ്ടറിയാം. 

Follow Us:
Download App:
  • android
  • ios