Asianet News MalayalamAsianet News Malayalam

മകള്‍ ഭാഗ്യവതിയാണെന്നാണ് അച്ഛന്‍ പറഞ്ഞത്, പക്ഷേ 40-ാം വയസില്‍ അര്‍ബുദം വിഴുങ്ങി, മെഴ്സിഡസ് ബെൻസിന്റെ കഥ ഇങ്ങനെ

ബിസിനസിലെ ഭാഗ്യമൊക്കെ മകൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ ഫലമാണ് എന്നായിരുന്നു അയാളുടെ വിചാരം.

fathers attempt to bank on the luck in daughters name, the story of mercedes
Author
Vienna, First Published Jan 31, 2020, 5:35 PM IST

അവൾ ഒരു കാർ കമ്പനിയും തുടങ്ങിയവളല്ല. കാറുകളോട്‌ അടക്കാനാവാത്ത കമ്പമുള്ളവൾ പോലുമല്ല. എന്നിട്ടും അവളുടെ പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനികളിൽ ഒന്നുള്ളത്. ജർമൻ വ്യാപാരിയായിരുന്ന എമിൽ ജെലിനെക്കിന്റെ മൂത്തമകളുടെ പേര് 'മെഴ്സിഡസ് ജെലിനെക്ക്' എന്നായിരുന്നു. 1896 -ൽ വിയന്നയിലായിരുന്നു അവളുടെ ജനനം. വ്യാപാരം പച്ചപിടിച്ചത്, സമ്പത്ത് കൂമ്പാരമാകാൻ തുടങ്ങിയത് ഒക്കെ, മകൾ 'മെഴ്‌സിഡസ്' തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷമാണ് എന്നായിരുന്നു എമിലിന്റെ ഉറച്ച വിശ്വാസം. 
 

fathers attempt to bank on the luck in daughters name, the story of mercedes
'Emil Jellinek and Mercedes Jellinek'

എമിലിന്റെ കണ്മുന്നിലായിരുന്നു യൂറോപ്പിലെ കാർ വ്യവസായത്തിന്റെ വളർച്ച.  ഏറെ സാദ്ധ്യതകൾ ഒളിഞ്ഞുകിടക്കുന്ന ഒന്നാണ്  അതെന്ന് അദ്ദേഹത്തിന് അതിന്റെ പ്രാരംഭദിശയിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. 1896 ഡെയ്മ്ലെർ മോട്ടോർ കമ്പനിയുടെ പരസ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം അതിൽ ആകൃഷ്ടനായി. എന്താണ് സംഭവം എന്ന് നേരിൽ കണ്ടു ബോധ്യപ്പെടാൻ വേണ്ടി എമിൽ ജർമനിയിലെ കാൻസ്റ്റാറ്റിലുള്ള ഡെയ്മ്ലെറിന്റെ ഫാക്ടറി സന്ദർശിക്കാനായി വെച്ചുപിടിച്ചു. അവിടെ ചെന്ന് കാര്യങ്ങളൊക്കെ കണ്ടപ്പോൾ ഒരു കാർ സ്വന്തമാക്കണം എന്നായി. ഉപയോഗിച്ചുതുടങ്ങി അധികം താമസിയാതെ എമിൽ അതിന്റെ ഒരു ഡീലർഷിപ്പും സ്വന്തമാക്കി. 
 

fathers attempt to bank on the luck in daughters name, the story of mercedes
 

കാറുകളോട്‌ ഉള്ള ഭ്രമം പോലെ അദ്ദേഹത്തിന് റേസിങ്ങിലും അപാരമായ താത്പര്യമായിരുന്നു. അദ്ദേഹം തന്റെ ഡെയ്മ്ലെർ കാറുമായി 1899 -ൽ നടന്ന നൈസ് കാർ റാലിയിൽ പങ്കെടുത്തു. തന്റെ മകൾ മെഴ്സിഡസിന്റെ പേരിൽ ആയിരുന്നു ആ റാലി എമിലിന്റെ ടീം വിജയകരമായി പൂർത്തിയാക്കിയത്. അടുത്ത ഒരു വർഷം കൊണ്ട് എമിൽ 30 കാറുകൾ വിറ്റു. അന്ന് അതൊക്കെ വമ്പിച്ച സെയിൽസ് ആയിരുന്നു. കൂടുതൽ മികച്ച കാറുകൾ നിർമിക്കാൻ വേണ്ടി എമിൽ എന്നും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു കമ്പനിക്കുമേൽ. 

എമിൽ വളരെ കഠോരമായ വാക്കുകളിലാണ്, ഡെയ്മ്ലെർ ഡിസൈനർമാരോട് തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നത്.

" നിങ്ങളുടെ ഡിസൈനർമാരെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിടുകയാണ് വേണ്ടത്. " "കുതിരവണ്ടിയേക്കാൾ ഒട്ടും മെച്ചമല്ല നിങ്ങളുടെ കാർ. പിന്നെ എനിക്ക് കുതിരവണ്ടി തന്നെ അങ്ങുപയോഗിച്ചാൽ പോരെ? എന്തിനാ ഞാൻ നിങ്ങളുടെ ഈ ലൊടുക്ക് കാർ വാങ്ങുന്നെ ?"

എമിലിന്റെ നിരന്തര പീഡനങ്ങളാണ് കുറേക്കൂടി നല്ല പെർഫോമൻസ് ഉള്ള ഒരു സ്പോർട്സ് കാർ നിർമിക്കാൻ ഡെയ്മ്ലെർ കമ്പനിയെ പ്രേരിപ്പിച്ചത്.

" റേസിങ്ങിൽ ജയിക്കാൻ പറ്റുന്നവന്റെ വണ്ടിയേ നാളെ ആളുകൾ വാങ്ങൂ. എന്നും ആളുകൾക്ക് പ്രിയം ജയിക്കുന്നവരെത്തന്നെ ആയിരിക്കും. എന്നും അതങ്ങനെ തന്നെ ആയിരിക്കും. റേസിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒരു കമേഴ്‌സ്യൽ സൂയിസൈഡ് ആണ്... " എന്ന് എമിൽ അന്ന് വളരെ കൃത്യമായി പറഞ്ഞു.

 

fathers attempt to bank on the luck in daughters name, the story of mercedes
 

വില്പന അത്ര പന്തിയല്ലാത്ത ഒരു വർഷം, എന്തുചെയ്യണം എന്നറിയാതെ നിന്ന ഡെയ്മ്ലെർ മാനേജർമാർക്ക് മുന്നിൽ എമിൽ ഒരു ഓഫർ വെച്ചു, "എന്റെ മോളുടെ പേര് ഇടാമോ കാറിന് ? എങ്കിൽ ഞാൻ 36 എണ്ണം ഒറ്റയടിക്ക് വാങ്ങാം". അമേരിക്കയിലേക്കും, പല യൂറോപ്യൻ രാജ്യങ്ങളിലേക്കും ഡെയ്മ്ലെർ സപ്ലൈ ചെയ്യാനുള്ള അവകാശം അയാൾ നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഡെയ്മ്ലെർ മോട്ടോർസ് എമിലിന്റെ വാക്ക് ചെവിക്കൊണ്ടു. 1901 -ൽ അവർ പുറത്തിറക്കിയ പുതിയ സ്പോർട്സ് കാറിന് അവർ മെഴ്സിഡസ് 35 HP എന്ന് പേരിട്ടു. അത് അക്കൊല്ലത്തെ നൈസ് റേസുകളിലെ പിടിച്ചാൽ കിട്ടാത്ത താരമായി. അതോടെ ഡെയ്മ്ലെർ മോട്ടോഴ്സിന്റെ വില്പന ആകാശം തൊട്ടു. അക്കൊല്ലത്തെ പത്രങ്ങൾ വെണ്ടക്കാ അക്ഷരത്തിൽ തലക്കെട്ട് നിരത്തി, " ഇത് 'മെഴ്സിഡസ്' യുഗത്തിന്റെ പിറവി..."
 

fathers attempt to bank on the luck in daughters name, the story of mercedes
'Mercedes 35 HP Model launched in 1901' - Produced in Stuttgart, Germany, by Daimler-Motoren-Gesellschaft (DMG)

സ്വന്തം പേരിൽ പുറത്തിറങ്ങിയ ഒരു മോട്ടോർ കാർ നാട്ടിലെ കാർപ്രേമികളുടെ ഹരമായി മാറിയ 1901 -ൽ മെഴ്സിഡസിന് പ്രായം വെറും പതിനൊന്നു വയസ്സുമാത്രം. അവൾക്ക് 13 വയസ്സുള്ളപ്പോൾ, അച്ഛൻ എമിൽ മകളുടെ ഭാഗ്യത്തെ പിന്തുടർന്ന് സ്വന്തം പേര് പോലും മാറ്റി ജെലിനെക്ക് മെഴ്സിഡസ് എന്നാക്കി. അത് ലോകത്തിൽ ആദ്യ സംഭവമായിരുന്നു. ഒരു അച്ഛൻ ആദ്യമായി മകളുടെ പേര് അക്ഷരാർത്ഥത്തിൽ 'സ്വന്ത'മാക്കി. എന്നാൽ അദ്ദേഹം പ്രതീക്ഷിച്ച ഒരു സമ്പൽ സമൃദ്ധി പിന്നീടങ്ങോട്ടുണ്ടായില്ല. ഒന്നാം ലോകമഹായുദ്ധകാലത്ത് ജെലിനെക്കിനുമേൽ ചാരപ്രവർത്തനത്തിന്റെ ആരോപണം ഉന്നയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പത്തുമുഴുവൻ കണ്ടുകെട്ടി. 1918 -ൽ സ്വിറ്റ്‌സർലണ്ടിൽ ഒരു അഭയാർത്ഥിയായി കഴിഞ്ഞു കൂടുന്ന കാലത്ത് അദ്ദേഹം  മരണപ്പെട്ടു. 
 

fathers attempt to bank on the luck in daughters name, the story of mercedes
'Mercedes Jellinek'

മകൾ മെഴ്സിഡസോ? ആദ്യം കെട്ടി, അത് വിവാഹമോചനത്തിൽ ചെന്നവസാനിച്ചു. പിന്നെയും കെട്ടി. അതും പൊട്ടി. രണ്ടിലും കൂടി രണ്ടു മക്കൾ മാത്രം അവശേഷിച്ചു സമ്പാദ്യമായി. രണ്ടു നേരം വയറുനിറക്കാൻ അയല്പക്കത്ത് താമസിക്കുന്നവരോട് കൈ നീട്ടി ഇരക്കേണ്ടി വന്നു അവൾക്ക്. ആദ്യ ഭർത്താവ് നിർബന്ധിതസേവനത്തിന് പറഞ്ഞയക്കപ്പെട്ടു. രണ്ടാമത്തെ ഭർത്താവ് വിവാഹം കഴിഞ്ഞ് ഏറെ നാല് പിന്നിടും മുമ്പേ മരിച്ചും പോയി.   1929 -ൽ തന്റെ നാല്പതാം വയസ്സുപോലും പിന്നിടും മുമ്പ് അർബുദബാധിതയായ 'മെഴ്സിഡസ്' മരണത്തിനു കീഴടങ്ങി. 

മെഴ്സിഡസിന്റെ മരണം സംഭവിക്കുന്നതിന് മൂന്നു വര്ഷം മുമ്പ് കാൾ ബെൻസ് എന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയർ തുടങ്ങിയ കാർ കമ്പനി, നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കിടന്ന ഡെയ്മ്ലെർ മോട്ടോഴ്സിന്റെ വിഴുങ്ങിയിരുന്നു. രണ്ടും കൂടി ലയിപ്പിച്ചുകൊണ്ട് പുതിയൊരു സ്ഥാപനം തുടങ്ങിയ ബെൻസ് പക്ഷേ മെഴ്സിഡസ് എന്ന പേര് നിലനിർത്തി. പുതിയ സ്ഥാപനം 'മെഴ്സിഡസ്-ബെൻസ്' എന്നറിയപ്പെട്ടു. അതിൽ മെഴ്സിഡസിന് യാതൊരു വിധ പങ്കും ഇല്ലായിരുന്നു എങ്കിൽ പോലും അത് അങ്ങനെ തന്നെ തുടർന്നു. 
 

fathers attempt to bank on the luck in daughters name, the story of mercedes
'Mercedes-AMG GT Black Series' 

ഒരു മകളുടെ ഭാഗ്യത്തിൽ വിശ്വസിച്ചു കൊണ്ട് അച്ഛൻ നടത്തിയ ആ  'പേരിടീൽ',  കാർ നിർമ്മാണ വ്യവസായത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒരു വിലപിടിപ്പുള്ള ബ്രാൻഡ് നാമമായി ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.  

Follow Us:
Download App:
  • android
  • ios