Asianet News MalayalamAsianet News Malayalam

കോടീശ്വരനു മുന്നില്‍ മുട്ടിടിച്ച് പൊലീസ്, നെഞ്ചുവിരിച്ച് സോഷ്യല്‍ മീഡിയ!

മറ്റുള്ളവരുടെ ജീവന്‍ വച്ച് പന്താടിയ ഒരു കാര്‍ മുതലാളിക്കിട്ട് എട്ടിന്‍റെ പണി കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Ferrari seized by Kanpur Police
Author
Kanpur, First Published Aug 18, 2020, 8:11 PM IST

ആഡംബര കാറുടമകളും ബൈക്ക് ഉടമകളുമൊക്കെ പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തില്‍  ട്രാഫിക് നിയമങ്ങൾ ലംഘിച്ചു കൊണ്ട് അവരുടെ വിലകൂടിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നത് രാജ്യത്ത് അസാധാരണ സംഭവമല്ല. കയ്യൂക്കുള്ളവനും പണമുള്ളവനുമൊക്കെ ഇങ്ങനെ കാര്യക്കാരാകുമ്പോള്‍ പൊലീസ് പലപ്പോഴും കാഴ്ച്ചക്കാരാകുകയാവും പതിവ്. എന്നാല്‍ ഇങ്ങനെ മറ്റുള്ളവരുടെ ജീവന്‍ വച്ച് പന്താടിയ ഒരു കാര്‍ മുതലാളിക്കിട്ട് എട്ടിന്‍റെ പണി കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആദ്യം കാഴ്‍ചക്കാരായ പൊലീസിനെക്കൊണ്ടു തന്നെ കാര്‍ കസ്റ്റഡിയില്‍ എടുപ്പിച്ചും മുതാളിയെ അറസ്റ്റ് ചെയ്യിച്ചും ആണ് സോഷ്യല്‍ മീഡിയ കരുത്തുതെളിയിച്ചത്. 

കാൺപൂരിലാണ് സംഭവം. നഗരത്തിലെ ഒരു കൂട്ടം സമ്പന്ന യുവാക്കള്‍ തങ്ങളുടെ സൂപ്പര്‍ കാറുകളിൽ സ്റ്റണ്ടുകൾ നടത്താൻ പൊതു റോഡുകളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിലൊരു ഫെറാരി കാറാണ് പൊലീസിന്‍റെ കണ്‍മുന്നില്‍ക്കിടന്ന് വട്ടംകറങ്ങിയത്. 

 

വാഹനങ്ങൾ തടഞ്ഞ് നടുറോഡിൽ വട്ടം കറങ്ങുന്ന സൂപ്പർകാറിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല കവലയിൽ ഗതാഗതം നിയന്ത്രിക്കാന്‍ കറുത്ത വസ്‍ത്രം ധരിച്ച ബോഡി ഗാർഡുകളെയും വീഡിയോയിൽ കാണാം. അതിശയകരമെന്നു പറയട്ടെ, ഒരു പൊലീസ് വാഹനവും അതില്‍ ചാരി നില്‍ക്കുന്ന പൊലീസുകാരനെയും വീഡിയോയിൽ കാണാം. പക്ഷേ ട്രാഫിക് നിയമങ്ങളെ പരിഹസിച്ചതിന് ഫെരാരി ഉടമയെ തടയാൻ ആരും ധൈര്യപ്പെടുന്നില്ല. ആദ്യം പൊലീസുകാരൻ നോക്കി നിന്നതല്ലാതെ നടപടിയെടുത്തിരുന്നില്ല. 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പൊലീസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്‍തു. ഇതോടെ പൊലീസ് നടപടിയും ഉണ്ടായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തി ഉടമയുടെ വീട്ടിലെത്തി വാഹനം കണ്ടുകെട്ടുകയായിരുന്നു. കാൺപൂരിലെ ഒരു വമ്പന്‍ ബിസിനസ്  കുടുംബത്തിൽ നിന്നുള്ള ശരദ് ഖമേകയാണ് അറസ്റ്റിലായ ഫെറാരി ഉടമ. 

അപകടകരമായി വാഹനമോടിച്ച് മറ്റു യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതും പൊതുനിരത്തിലെ ഗതാഗതം തടഞ്ഞുവച്ചതും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios