ആഡംബരങ്ങളാല്‍ സമൃദ്ധമാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റിലിയുടെ  ഗ്രാന്റ് ടൂറിങ്ങ് സ്‌പോര്‍ട്‌സ് സെഡാനായ ഫ്‌ളൈയിങ്ങ് സ്‍പര്‍ . 2019-ല്‍ എത്തിയ ഈ വാഹനത്തിന്റെ മൂന്നാം തലമുറ മോഡലിന് 5.6 കോടി രൂപയാണ് ഏകേദശവില. 

ഇപ്പോഴിതാ ഈ വാഹനത്തെ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ് അഹമ്മദാബാദിലെ വ്യവസായിയായ ദീപക് മേവാഡ. ഫ്‌ളൈയിങ്ങ് സ്പര്‍ W12 മോഡലാണ് ദീപക്  സ്വന്തമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ ബുക്കുചെയ്ത വാഹനം ആറ് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ദീപക്കിന്റെ ഗ്യാരേജിലെത്തിയത്. ഇതോടെ ഈ മോഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പേര് ദീപക് സ്വന്തമാക്കി. 

ബെന്റിലിയുടെ മോഡേണ്‍ സ്‌കള്‍പ്ച്വറല്‍ ഡിസൈന്‍ ശൈലിയില്‍ അഡ്വാന്‍സ്ഡ് അലുമിനിയം പ്ലാറ്റ്‌ഫോമിലാണ് ഫ്‌ളൈയിങ്ങ് സ്പറിന്റെ 2020 പതിപ്പ് എത്തുന്നത്. ആഡംബരം തുളുമ്പുന്ന ഇന്റീരിയറാണ് വാഹനത്തില്‍. ലെതര്‍ ആവരണമുള്ള പുതിയ ഡാഷ്‌ബോര്‍ഡ്, എച്ച്ഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള റൊട്ടേറ്റിങ്ങ് സെന്റര്‍ കണ്‍സോള്‍, ഇലക്ട്രോണിക് ഓള്‍ വീല്‍ സ്റ്റിയറിങ്ങ് സിസ്റ്റം എന്നിവയാണ് മുന്‍ നിരയില്‍. പിന്‍നിരയിലും ഡിജിറ്റല്‍ സ്‌ക്രീനും എസി വെന്റുകളും മികച്ച യാത്ര സുഖം നല്‍കാനുതകുന്ന സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. 

മീറ്റിയോര്‍ ഫിനീഷിങ്ങ് എക്സ്റ്റീരിയറും ട്രെഡീഷണല്‍ ബര്‍ഗണ്ടി ഇന്റീരിയറും വാഹനത്തെ വേറിട്ടതാക്കുന്നു. ഒഴുകി ഇറങ്ങുന്ന ബോണറ്റ്, കട്ട് ക്രിസ്റ്റല്‍ എഫക്ട് എല്‍ഇഡി മെട്രിക്‌സ് ഹെഡ്‌ലാമ്പ്, ബെന്റ്‌ലിയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ക്രോമിയം ആവരണമുള്ള ഹണി കോമ്പ് എയര്‍ഡാം, വിന്‍ഡോയ്ക്ക് ചുറ്റിലുമുള്ള ക്രോമിയം സ്ട്രിപ്പ്, റിയര്‍ ബമ്പറിലെ ക്രോമിയം സ്ട്രിപ്പ്, 22 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്. 

6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 626 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും  3.8 സെക്കന്‍ഡുകള്‍ മാത്രം മതി . 

ത്രീ ചേമ്പര്‍ എയര്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനാണ് ഈ വാഹനത്തില്‍. ഇത് മികച്ച സസ്‌പെന്‍ഷന്‍ അഡ്‌ജെസ്റ്റ്‌മെന്റ് നല്‍കുന്നതിനൊപ്പം കാര്യക്ഷമമായ ബോഡി കണ്‍ട്രോളും നല്‍കുന്നുണ്ട്. ട്രാഫിക് അസിസ്റ്റ്, സിറ്റി അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് വാണിങ്ങ് എന്നീ സംവിധാനങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും ഫ്‌ളൈങ്ങ് സ്പറില്‍ ബെന്റ്‌ലി ഒരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ 333 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍.