ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ, തങ്ങളുടെ താത്പര്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂ എന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്
ടെൽ അവീവ്: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലും വെല്ലുവിളിയുമായി ഇസ്രയേൽ. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അടുത്ത ഘട്ടത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ പരമോന്നത നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഖംനഇ പാരമ്പരക്ക് അന്ത്യം കുറിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി വെല്ലുവിളിച്ചു. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്.
ഇറാന്‍റെ നിലപാട്
ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്റെ നിലപാട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ഇന്നലെ നിലപാട് വ്യക്തമാക്കിയത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കാതെ ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപാധികൾ അംഗീകരിക്കാത്ത പക്ഷം നിലവിലെ വെടിനിർത്തൽ നീക്കങ്ങൾക്കും പ്രസക്തിയില്ലെന്ന ഇറാന്റെ നിലപാട് സ്പീക്കർ അറിയിച്ചതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. പാകിസ്ഥാനിൽ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ചയും കൂടുതൽ അനിശ്ചിതത്വത്തിലായിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടും അമേരിക്ക വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചത്. പുതിയ തിയതി പോലും പറയാതെയാണ് ട്രംപ് വെടിനിർത്തൽ നീട്ടിയത് എന്നതിനാൽ ഇത് നീളാനും സാധ്യതയുണ്ട്. അതിനിടയിൽ സമാധാന ചർച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഹോർമൂസിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്.
