അഹമ്മദാബാദ്: നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പിഎഎല്‍-വി ഇന്ത്യയില്‍ പറക്കും കാറുകള്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഗുജറാത്തിലാണ് നിര്‍മാണശാല സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി എംകെ ദാസും പിഎഎല്‍-വി അന്താരാഷ്ട്ര ബിസിനസ് വികസന വിഭാഗം വൈസ് പ്രസിഡന്റ് കാര്‍ലോ മാസ്‌ബൊമ്മലും ഒപ്പുവെച്ചു. പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുന്നതിന് ഡച്ച് കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കും.

പേഴ്‌സണല്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍ എന്നാണ് പറക്കും കാര്‍ നിര്‍മാതാക്കളുടെ പൂര്‍ണ നാമം. ഇന്ത്യന്‍ നിര്‍മിത പറക്കും കാറുകള്‍ക്ക് കരുത്തേകുന്നത് രണ്ട് എന്‍ജിനുകളായിരിക്കും. നിരത്തുകളില്‍ മണിക്കൂറില്‍ 160 കിലോമീറ്ററും ആകാശത്ത് 180 കിലോമീറ്ററുമായിരിക്കും ഏറ്റവും ഉയര്‍ന്ന വേഗത. ടാങ്ക് നിറയെ ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. മൂന്ന് മിനിറ്റിനുള്ളില്‍ കാറിന് പറക്കും വാഹനമായി രൂപാന്തരപ്പെടാന്‍ കഴിയും. 110 പറക്കും കാറുകള്‍ക്ക് കമ്പനി ഇതിനകം ബുക്കിംഗ് സ്വീകരിച്ചുകഴിഞ്ഞു. ഈ ഓര്‍ഡറുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.asianetnews.com/topic/covid-19?fbclid=IwAR0tcG0xV6-XxUyEqEt4gI2QC8yq61reB5-2H1IXAKafPlXM_SBvF5Nq6kI