തിരുവനന്തപുരം: റോഡുപോലുമില്ലാത്ത കുത്തിറക്കങ്ങളിലൂടെ അനായാസേനയുള്ള ഇറക്കം. കിടങ്ങളുടെ ആഴം അകത്തിരിക്കുന്നവരെ അറിയിക്കാതെയുള്ള ഓട്ടം. വന്‍ വെള്ളക്കെട്ടുകളെ വകഞ്ഞുമാറ്റിയുള്ള പാച്ചില്‍. കല്ലും ചെളിയും നിറഞ്ഞ കുത്തുകയറ്റങ്ങളില്‍ ഉടുമ്പിനെപ്പോലുള്ള കയറ്റം. ഏതൊരു ഭൂപ്രകൃതിയെയും അതിജീവിക്കുന്ന ഒരു വാഹനത്തിന്‍റെ കിടിലന്‍ പ്രകടനം കണ്ട് കയ്യടിക്കുകയാണ് തലസ്ഥാന നഗരിയിലെ വാഹന പ്രേമികള്‍. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ മസിലന്‍ എസ്‍യുവിയായ എന്‍ഡവറിന്‍റെ ഓഫ് റോഡ് റൈഡിംഗാണ് തലസ്ഥാനത്തെ വാഹനപ്രേമികള്‍ക്ക് വേറിട്ട അനുഭവമായത്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലെ സ്പോര്‍ട്‍സ് ഹബ്ബാണ് പുത്തന്‍ എന്‍ഡവറിന്‍റെ ഓഫ് റോഡിംഗിനായി ഫോര്‍ഡ് ഒരുക്കിയിരിക്കുന്നത്. വിവിധ ട്രാക്കുകളിലൂടെ എന്‍ഡവറിനെ ഓടിച്ചു നോക്കാന്‍ നിരവധി ഓഫ് റോഡ് പ്രേമികളും ഇങ്ങോട്ട് ഒഴുകിയെത്തുന്നു. യുവാക്കളാണ് ഭൂരിഭാഗവും. സെഗ്മെന്‍റിലെ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എന്‍ഡവറിന്‍റേതെന്നാണ് പങ്കെടുത്ത മിക്ക ഡ്രൈവര്‍മാരുടെയും അഭിപ്രായം. 200 പിഎസ് (147Kw) കരുത്തും വ്യത്യസ്‍തങ്ങളായ ടെറൈന്‍ മാനേജ്മെന്‍റ് സിസ്റ്റങ്ങളും 800 എംഎം വാട്ടര്‍ വാഡിംഗ് കപ്പാസിറ്റിയുമൊക്കെ എതിരാളികളെക്കാള്‍ ഫോര്‍ഡ് എന്‍ഡവറിനെ ബഹുദൂരം മുന്നിലാക്കുന്നു. പരിപാടി ഞായറാഴ്ചയും തുടരും. 

ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കി എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് സെവന്‍ സീറ്റ് സൗകര്യമുള്ള 2019 ഫോര്‍ഡ് എന്‍ഡവര്‍ എത്തുന്നത്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്നത്.

പുതിയ ബമ്പര്‍, HID ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള മുന്നിലെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്‍ത് സില്‍വര്‍ ഫിനിഷിങ്ങിലുള്ള സ്‌കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലുള്ള മാറ്റങ്ങള്‍.  ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്‌യുവി പതിപ്പിലും ഉണ്ടാകും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.

യാത്രികരെ സുരക്ഷിതരാക്കാന്‍ ഏഴ് എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസെന്റ് & ഡിസെന്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളുണ്ട് വാഹനത്തില്‍. 

28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം വരെയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.   ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍.