കൊവിഡ് 19 എന്ന പ്രതിരോധത്തിനായി ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് രാജ്യം. ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സഹായ പദ്ധതികളുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യന്‍ ഉപസ്ഥാപനം ഫോര്‍ഡ് ഇന്ത്യയും. 

മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ തീരുന്ന സൗജന്യ സര്‍വീസ്, വാറന്‍റി, എക്സറ്റൻഡഡ്‌ വാറന്റി എന്നിവ ജൂണ്‍ 30 വരെ നീട്ടി നല്‍കാൻ ഫോര്‍ഡ് ഇന്ത്യ തീരുമാനിച്ചു. ഈ കാലയളവില്‍ വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കും ഏപ്രില്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കും കമ്പനി പ്രൈസ് പ്രൊട്ടക്ഷനും നല്‍കും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതു കൂടാതെ രാജ്യാന്തരതലത്തിൽ കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ശ്രമമെന്നും ഫോഡ് ഇന്ത്യ അറിയിച്ചു. നേരത്തെ അടച്ചിട്ടിരുന്ന ഫോര്‍ഡിന്റെ ചെന്നൈ, സാനന്ദ് പ്ലാന്‍റുകളില്‍ ഫേസ് ഷീൽഡ് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകളുടെ നിർമാണവും കമ്പനി ആരംഭിച്ചു തുടങ്ങി. അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളികളാണ് ഫോര്‍ഡ്.