ഐതിഹാസിക വാഹനമായ മസ്‍താംഗ് മാക് 1 തിരികെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് എന്ന് റിപ്പോര്‍ട്ട്. പതിനേഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 -ൽ വാഹനം തിരികെ എത്തുമെന്നാണ് സൂചന.

ലിമിറ്റഡ് എഡിഷൻ മോഡലായി മസ്താംഗ് മാക് 1-നെ തിരികെ എത്തിക്കാനാണ് പദ്ധതി. 1960 -കളുടെ അവസാനത്തിൽ മസിൽ കാറുകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് ഐതിഹാസിക ഫാസ്റ്റ്ബാക്ക് കൂപ്പ് അരങ്ങേറ്റം കുറിച്ചത്. പ്രത്യേക പതിപ്പ് 1969 -ൽ മുൻ‌നിരയിലെത്തിയ മാക് 1 -ന്റെ പാരമ്പര്യം തുടരുന്നു.

പഴയ തലമുറ ബോസ് 302 ലഗുണ സെക അണിഞ്ഞിരുന്ന ഏറ്റവും ഹാർഡ്‌കോർ ട്രാക്ക് റെഡി 5.0 ലിറ്റർ മസ്താംഗ് എന്ന സ്ഥാനം നേടിക്കൊണ്ടാണ് മാക് 1 മടങ്ങിവരുന്നത്. പുതിയ മോഡലിന് ഷെൽബിയുടെ DNA -യുള്ള 5.0 ലിറ്റർ V8 യൂണിറ്റ് ലഭിക്കുന്നു. അതോടൊപ്പം മുൻ കാലത്തെ വിന്റേജ് ബോണറ്റ് സ്ട്രൈപ്പുകളും ഗ്രാഫിക്സും ഫോർഡ് നൽകുന്നു. മുൻ ഗ്രില്ലിലെ വൃത്താകൃതിയിലുള്ള എയർ ഇൻലെറ്റുകൾ, ഫംഗ്ഷണൽ എയർ സ്കൂപ്പുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു.

ബുള്ളിറ്റിന് സമാനമായ രീതിയിൽ 480 bhp കരുത്ത് ഉല്പാദിപ്പിക്കുന്ന എൻജിൻ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു. പെട്രോൾ ഹെഡുകൾക്ക് റെവ്വ-മാച്ചിംഗ് ട്രെമെക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷണലായി കമ്പനി നൽകും. മാക് 1 അമ്പതോളം രാജ്യങ്ങളിൽ വിൽപ്പനക്ക് എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.