ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് തങ്ങളുടെ കരുത്തന്‍ പിക്കപ്പ് ട്രക്കായ റേഞ്ചറിനെ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹനത്തിന്‍റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളിൽ പുരോഗമിക്കുന്നതായാണ് വിവരം. എൻഡവർ എസ്‌യുവിയുമായി ഏറെ സാമ്യമുള്ള പിക്കപ്പ് ട്രക്കാണ് റേഞ്ചർ.  

ഫോർഡ് റേഞ്ചർ ഇന്ത്യയിൽ എത്തുകയാണെങ്കിൽ എൻഡവറിന്റെ അതേ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനായിരിക്കും ലഭിക്കുക. ഈ എഞ്ചിന് പരമാവധി 167 bhp കരുത്തിൽ 420 Nm ടോർക്കും സൃഷ്ടിക്കാൻ കഴിയും. മാത്രമല്ല, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഫോർ വീൽ ഡ്രൈവ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളോടെയാവും റേഞ്ചർ പിക്കപ്പ് നിരത്തിലെത്തുക.

ഓഫ് റോഡ് വാഹന പ്രേമികളെ ലക്ഷ്യമിട്ടായിരിയ്ക്കും വാഹനം വിപണിയിലെത്തുക. നാല് ഡ്രൈവിംഗ് മോഡുകളുള്ള ടെറൈൻ മാനേജ്മെന്റ് സിസ്റ്റം (TMS), ടോർഖ് ഓൺ ഡിമാൻഡ് ഉള്ള ഒരു സജീവ ട്രാൻസ്ഫർ കേസ്, ലോക്കിംഗ് ഡിഫറൻഷ്യൽസ്, ഹിൽ- ക്ലൈംബ് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, തുടങ്ങി ഒഫ്റോഡ് പ്രേമികളെ ആകർഷിയ്ക്കുന്ന സംവിധാനങ്ങൾ എല്ലാം അടങ്ങിയ വാഹനമാണ് റേഞ്ചർ.

ഫോർച്യൂണർ എസ്‌യുവിയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ഹിലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ എൻഡവർ എസ്‌യുവിയുമായി ചാസി ഉൾപ്പടെ ധാരാളം ബാഹ്യ, ഇന്റീരിയർ ഘടകങ്ങൾ പങ്കിടുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് കൂടി എത്തിയാല്‍ മത്സരം കടുക്കും. കൂതാടെ ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പ്-ട്രക്ക് ആയിരിക്കും ശ്രേണിയിലെ മറ്റൊരു മുഖ്യ എതിരാളി.