ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുക എന്നതാണ് ഇന്ത്യൻ സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി. ഈ വ്യവസായം 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.

രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുക എന്നതാണ് ഇന്ത്യൻ സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചുവെന്നും ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ ഭാവി വളരെ മികച്ചതാണെന്നും ഗഡ്‍കരി വ്യക്തമാക്കി.

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ നിലവിലെ വലുപ്പം 22 ലക്ഷം കോടി രൂപയാണെന്നും ഈ വ്യവസായത്തെ ലോകത്തിലെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ ദൗത്യമെന്നും ഗഡ്‍കരി പറഞ്ഞതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായമാണ് ലോകത്ത് ഒന്നാമത്. 78 ലക്ഷം കോടി രൂപയാണ് അമേരിക്കൻ വാഹന വിപണിയുടെ വലിപ്പം. അമേരിക്കൻ വാഹന വിപണിക്ക് തൊട്ടുപിന്നിൽ ചൈനീസ് വാഹനവിപണിയാണ്. 47 ലക്ഷം കോടി രൂപയാണ് ചൈനീസ് വാഹനവിപണിയുടെ മൂല്യം. ഇന്ത്യയുടെത് 22 ലക്ഷം കോടിയാണ്. 2014 ൽ താൻ ഗതാഗത മന്ത്രാലയത്തിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 7.5 ലക്ഷം കോടി രൂപ ആയിരുന്നുവെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു .

ഓട്ടോമൊബൈൽ വ്യവസായം ഇതുവരെ 4.5 കോടി തൊഴിൽ അവസരങ്ങൾ സൃഷ്‍ടിച്ചിട്ടുണ്ടെന്നും ഗഡ്‍കരി വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിൽ അവസരമാണ്. ജിഎസ്‍ടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിനും ഭാരത് സർക്കാരിനും പരമാവധി വരുമാനം നൽകുന്നത് ഓട്ടോമൊബൈൽ വ്യവസായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തെ മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയാണ് സംഭാവന ചെയ്യുന്നതെന്നും നിതിൻ ഗഡ്‍കരി ചൂണ്ടിക്കാട്ടി.