തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് വീണ്ടും തുടങ്ങിയിട്ട് ചുരുങ്ങിയ ദിവസങ്ങളെ ആയിട്ടുള്ളൂ. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വരവിനെക്കാള്‍ ചിലവു കൂടിയതും സര്‍വ്വീസുകള്‍ വന്‍ നഷ്‍ടത്തിലായതുമാണ് കാരണം. മിക്ക ജില്ലകളിലും സ്വകാര്യബസുകള്‍ നിരത്ത് ഒഴിയുന്നതിന്റെ തോത് കൂടിവരുകയാണ്. 

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഉടമാ സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. നഷ്‍ടമില്ലാത്ത സര്‍വീസുകള്‍ തുടരുന്ന കാര്യം പരിഗണിക്കുമെന്നും കോവിഡ് കാലത്ത് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കില്ലെന്നും ആണ് ബസ് ഉടമകളുടെ നിലപാട്. 

എന്നാല്‍ ഇങ്ങനെ നഷ്ടത്തിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തുന്ന സ്വകാര്യബസുകള്‍ പിടിച്ചെടുക്കാനോ മറ്റ് നടപടിക്കോ സര്‍ക്കാര്‍ തയ്യാറാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിയാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം എന്നാണ് സൂചന.

രോഗവ്യാപനം കുറയ്ക്കാന്‍ പൊതുഗതാഗതത്തെ നിയന്ത്രിക്കണം എന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിലപാട്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനെ തുടര്‍ന്ന് നിരത്തിലറങ്ങിയ ചില സ്വകാര്യ ബസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോയതായി പരാതി ഉയര്‍ന്നിരുന്നു. പക്ഷേ ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും കോവിഡ് നിബന്ധനകള്‍ പാലിച്ചാണ് സര്‍വീസ് നടത്തിയത്.

അതിനാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കുന്നതോടെ കോവിഡ് വ്യാപന നിരോധന നിബന്ധനകള്‍ ഉറപ്പാക്കാനാകുമെന്നും യാത്രാ ക്ളേശം പരിഹരിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു. 

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം മാത്രം സര്‍വ്വീസ് നിര്‍ത്തുന്ന സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോയാല്‍ മതിയെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.