ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ  ഇന്ത്യാ പ്രവേശനം വൈകിയേക്കും എന്ന് റിപ്പോര്‍ട്ട്. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവിനാണ് കൊറോണ വിനയാകുന്നത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും ഹവല്‍ എച്ച്6 എസ്‍യുവി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍നിന്ന് ഇന്ത്യയിലെത്തുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ കൊവിഡ്-19 വൈറസിന്റെ വ്യാപനവും അത് ചൈന വേണ്ടവിധം നിയന്ത്രിക്കാൻ കാണിച്ച അലംഭാവവും ചൂണ്ടിക്കാട്ടി ധാരാളം രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് നീയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കടക്കെണിയിലായ ഇന്ത്യൻ കമ്പനികളെ ചൈനീസ് കമ്പനികൾ വിഴുങ്ങാതിരിക്കാൻ ഇന്ത്യയും ചില നീയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾ ഇനി കൂടുതൽ ശ്രദ്ധയോടെ സർക്കാർ നേരിട്ടുള്ള മേൽനോട്ടത്തിന് ശേഷം മാത്രമേ അംഗീകാരം ലഭിക്കൂ. ഇത് പല തീരുമാനങ്ങൾക്കും താമസമുണ്ടാക്കുകയും സ്വഭാവുകമായും ഹവൽ ബ്രാൻഡിന്റെ ഇന്ത്യയിലെ വാഹന വില്പന വൈകിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു വാഹനത്തിന്‍റെ അവതരണം. ഹവൽ എന്ന ബ്രാൻഡിന് കീഴിൽ കോൺസെപ്റ്റ് H എന്ന എസ്‌യുവി കോൺസപ്റ്റിന്റെ ആഗോള അവതരണം, ലോകത്തെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക്ക് കാർ എന്ന് വിശേഷണമുള്ള ആർ1 തുടങ്ങിയവ കമ്പനി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. 

എന്നാല്‍ എക്സ്പോയില്‍ പ്രധാന മോഡലുകൾ അവതരിപ്പിക്കുകയും ഇന്ത്യൻ സംരഭത്തിലേക്ക് ചില ഉന്നതരെ നിയമിക്കുകയും ചെയ്‍തതല്ലാതെ കാര്യമായി ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യയിൽ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ല. ജനറൽ മോട്ടോഴ്സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ്‌ പ്ലാന്റ് വാങ്ങി നവീകരിക്കുന്നത്തിന്റെ പ്രവർത്തനങ്ങളിൽ ആയിരുന്നു ഗ്രേറ്റ് വാൾ മോട്ടോർസ്. ഇതിനായി ഗ്രേറ്റ് വാൾ മോട്ടോഴ്സും ജനറൽ മോട്ടോഴ്സും ജനുവരി 18-ന് ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം തുടക്കത്തിൽ നടത്തി ഇന്ത്യൻ വാഹന വിപണിയിൽ വൻ ശക്തിയാവാനുള്ള പുറപ്പാടിലായിരുന്നു ഗ്രേറ്റ് വാൾ മോട്ടോർസ്.

അതെ സമയം പുത്തൻ സാഹചര്യത്തിൽ ഇത്രയും തുക ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യയിൽ നിക്ഷേപിക്കുമോ എന്ന് വ്യക്തമല്ല. ഇറക്കുമതിക്കായുള്ള പെർമിറ്റുകൾ, ചൈനീസ് പൗരന്മാർക്കുള്ള താമസ വിസ തുടങ്ങിയ കാര്യങ്ങൾക്ക് മാറിയ സഹചര്യത്തിൽ കാലതാമസം വരുകയാണെങ്കിൽ ഇന്ത്യൻ അരങ്ങേറ്റം തത്കാലം ഗ്രേറ്റ് വാൾ മോട്ടോർസ് മരവിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

ചൈനീസ് ട്രക്ക് നിര്‍മാതാക്കളായ ഫോട്ടോണിന്റെ കൈവശമുള്ള മഹാരാഷ്ട്രയിലെ ചകാനിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനിടെയാണ് കൊവിഡ് 19 വരുന്നത്. അതോടൊപ്പം ഇന്ത്യ വിട്ട ജനറല്‍ മോട്ടോഴ്സിന്റെ തലേഗാവിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.

അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.