രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങളുടെ ഉടമസ്ഥരുള്ള സംസ്ഥാനം എന്ന പേര് സ്വന്തമാക്കി ഗുജറാത്ത്.  കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,000 പേർക്ക് 450 വാഹനങ്ങളുമായാണ് വാഹന ഉടമസ്ഥാവകാശ കണക്കെടുപ്പിൽ ഗുജറാത്ത് ഒന്നാമതെത്തിയത്. 

2019 ഡിസംബർ 31 വരെയുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ മോട്ടോർ വാഹന രജിസ്‌ട്രേഷൻ കണക്കുകൾ പ്രകാരമാണ് ഗുജറാത്തിന്‍റെ പേര് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇടംപിടിച്ചത്. കഴിഞ്ഞ കഴിഞ്ഞ അഞ്ച് വർഷമായി ഗുജറാത്തിനു തന്നെയാണ് ഒന്നാം സ്ഥാനം. ഗുജറാത്തിലെ 1000 വ്യക്തികളുടെ സാംപിൾ കണക്കെടുത്താൽ 450 പേർക്കും സ്വന്തമായി വാഹനങ്ങൾ ഉണ്ട്. ഗുജറാത്തിന് തൊട്ടുപിന്നിൽ ആയിരം പേർക്ക് 445 സ്വകാര്യ വാഹന ഉടമകളുമായി തമിഴ്‍നാടാണ്. കർണാടക (372), മഹാരാഷ്ട്ര (335), ഉത്തർപ്രദേശ് (190) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

രാജ്യത്ത് രജിസ്റ്റർ ചെയ്‍ത 31.72 കോടി വാഹനങ്ങളിൽ 49 ശതമാനവും ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ വിഹിതമാണ്. വാഹന രജിസ്ട്രേഷനിലെ വിഹിതം പരിഗണിക്കുമ്പോൾ 11.99 ശതമാനവുമായി മഹാരാഷ്ട്രമാണു മുന്നിൽ; 11.38% വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ഉത്തർ പ്രദേശാണു രണ്ടാം സ്ഥാനത്ത്. 10.11% വിഹിതവുമായി തമിഴ്നാട് മൂന്നാമതും 8.54% വിഹിതത്തോടെ ഗുജറാത്ത് നാലാമതുമാണ്. അഞ്ചാം സ്ഥാനത്തുള്ള കർണാടകത്തിൽ രജിസ്റ്റർ ചെയ്‍തത് 7.19% വാഹനങ്ങളാണ്. 

റോഡ് ട്രാൻസ്പോർട്ട് ഇയർ ബുക്ക് 2017 അനുസരിച്ച് ഗുജറാത്തിൽ 2.21 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്. ഇതിൽ 2 കോടി വാഹനങ്ങളും സ്വകാര്യ ഉപയോഗത്തിനായി രെജിസ്റ്റർ ചെയ്തിരിക്കുന്നവയാണ്. മാത്രമല്ല 25.28 ലക്ഷം രജിസ്റ്റർ ചെയ്തത് കാറുകളാണ്. 2017 മുതൽ 2019 വരെയുള്ള മൂന്നു വർഷത്തിനിടെ 51 ലക്ഷം പുതിയ വാഹനങ്ങളാണു ഗുജറാത്തിൽ റജിസ്റ്റർ ചെയ്തത്. 

പൊതു ഗതാഗത സംവിധാനങ്ങളിലെ പരാജയമാണു ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പെരുകാൻ കാരണമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.  കാര്യക്ഷമമല്ലാത്ത നഗരങ്ങളിലെ പൊതുഗതാഗത ശൃംഖല, ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ബസുകളുടെ എണ്ണക്കുറവ് എന്നിവയാണ് സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഉപഭോക്തൃസൗഹൃദ പൊതുഗതാഗത സംവിധാനത്തിന്റെ പരാജയമാണെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. നഗരങ്ങളിലെ പൊതുഗതാഗത ശൃംഖലയുടെ ശോച്യാവസ്ഥയ്ക്കൊപ്പം ഗ്രാമങ്ങളിലേക്കുള്ള ബസ് സർവീസുകളുടെ അപര്യാപ്തതയും വാഹനപെരുപ്പത്തിനു വഴി വച്ചിട്ടുണ്ട്. 

എന്നാല്‍ ഒരേ സമയം വിവിധ മേഖലകളിൽ വ്യാപരിക്കാനുള്ള ഗുജറാത്തികളുടെ മികവാണു വാഹന വിൽപ്പന കുതിച്ചുയരാനുള്ള കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. വിവിധ ബിസിനസുകളിൽ വ്യാപൃതരാവുന്നവർ സമയനഷ്ടം ഒഴിവാക്കാനായി പൊതുഗതാഗത സംവിധാനം ഉപേക്ഷിച്ചു സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നത് ഗുജറാത്തിൽ വ്യാപകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.