Asianet News MalayalamAsianet News Malayalam

വിപണി പിടിച്ചടക്കുക തന്നെ ലക്ഷ്യം; ചൈനീസ് കാര്‍ കമ്പനി ഇന്ത്യയിലേക്ക്

ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്താനാണ് ഹൈമാ ഓട്ടോമൊബീല്‍ തയ്യാറെടുക്കുന്നത്. ചൈനയില്‍ കമ്പനി ഇതിനകം നിരവധി ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു

haima automobile group set to enter india
Author
Beijing, First Published Dec 30, 2019, 7:19 PM IST

ബെയ്ജിംഗ്: ഇന്ത്യന്‍ വിപണി പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഹൈമാ ഓട്ടോമൊബീല്‍ ഗ്രൂപ്പ്. ഇന്ത്യന്‍ പ്രവേശനത്തിന് തയ്യാറെടുത്തതായി കമ്പനി വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ വിപണി സംബന്ധിച്ച് സര്‍വ്വേകള്‍ നടത്തിവരികയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും വാഹനഘടക നിര്‍മാതാക്കളുമായും ചര്‍ച്ചകളും നടത്തുന്നതായും കമ്പനി അറിയിച്ചു. ഇന്ത്യാ കേന്ദ്രീകൃത ബിസിനസ് തന്ത്രങ്ങളും വിപണി പ്രവേശനവും ആസൂത്രണം ചെയ്തുവരികയാണെന്നും ഹൈമാ ഓട്ടോമൊബീല്‍ വക്താവ് പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്താനാണ് ഹൈമാ ഓട്ടോമൊബീല്‍ തയ്യാറെടുക്കുന്നത്. ചൈനയില്‍ കമ്പനി ഇതിനകം നിരവധി ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐഷാംഗ് 360 ഹാച്ച്ബാക്ക്, ഇ3 മിഡ്‌സൈസ് സെഡാന്‍, ഇ5 എസ്‌യുവി, ഇ7 എംപിവി ഉള്‍പ്പെടെയുള്ളവ. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി  ചേര്‍ന്നിരിക്കുകയാണ് ഹൈമാ ഓട്ടോമൊബീല്‍.

ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്‌നറായ ബേര്‍ഡ് ഓട്ടോമോട്ടീവിന്‍റെ ഉപസ്ഥാപനമായ ബേര്‍ഡ് ഇലക്ട്രിക്കുമായി സഹകരിച്ചായിരിക്കും ഹൈമ ഓട്ടോമൊബൈല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേഡിന്റെ ബാഡ്‍ജിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയേക്കും.

ഐഷാങ് 360 ഹാച്ച്ബാക്ക്, E7 എംപിവി, E5 എസ്‌യുവി, E3 സെഡാന്‍ എന്നിവയാണ് ഹൈമയുടെ ഇലക്ട്രിക് വാഹനശ്രേണി. ഇതിനുപുറമെ, M3 സെഡാന്‍, M8 സെഡാന്‍, S5 യോങ് എസ്‌യുവി, S5 എസ്‌യുവി, S7 എസ്‌യുവി, F7 എംപിവി, 8S എസ്‌യുവി, 7X എപിവി എന്നീ വാഹനങ്ങളും ഹൈമയില്‍ നിന്ന് നിരത്തിലെത്തുന്നുണ്ട്.

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക സിറ്റിയിൽ 1988 ൽ ആണ് ഹൈമ ഓട്ടോമൊബൈൽസ് ആരംഭം കുറിച്ചത്.  ജാപ്പനീസ് കാർ നിർമാതാക്കളായ മസ്‍ദയുടെ റീബാഡ്‍ജ് ചെയ്‍ത വാഹനങ്ങൾ ചൈനയില്‍ ഇറക്കുന്നതിനായിരുന്നു ഹൈനാന്‍-മസ്ത കമ്പനികള്‍ ചേര്‍ന്നാണ് ഹൈമ ഓട്ടോമൊബൈല്‍സ് രൂപീകരിച്ചത്. 2006-ല്‍ മസ്‍ദയുടെ ഓഹരി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമൊബൈൽ വർക്ക്സ്  (എഫ്എഡബ്ല്യു) ഗ്രൂപ്പ് ഏറ്റെടുത്തു.

അതോടെ എഫ്എഡബ്ല്യു ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനി ഇപ്പോൾ ഹൈമ ഗ്ലോബൽ ആർക്കിടെക്ചർ (എച്ച്എംജിഎ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി സ്വന്തമായി എസ്‌യുവികൾ, എംപിവികൾ, വൈദ്യുതീകരിച്ച വാഹനങ്ങൾ എന്നിവ വികസിപ്പിക്കുന്നു.

ചൈനയിൽ നടന്ന 2019 ഗ്വാങ്‌ഷോ ഓട്ടോ ഷോയിൽ പുതിയ എംപിവിയായ 7 എക്സ്  ഹൈമ ഓട്ടോമൊബൈൽ അവതരിപ്പിച്ചിരുന്നു. ഹൈമ 7 എക്‌സിൽ മസെരാട്ടി-എസ്‌ക് ഗ്രിൽ, ഏഴ് സീറ്റുകൾ, കണ്ണക്ടഡ് സിസ്റ്റം, വലിയ ഒരു ടച്ച് സ്ക്രീൻ എന്നിവ പ്രതീക്ഷിക്കാം. 7 എക്സ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വലുതാണ്.

ഈ വർഷം ആദ്യം കമ്പനി ഹൈമ 8 എസ് മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കിയിരുന്നു, ഇത് അളവനുസരിച്ച് കിയ സെൽറ്റോസിനും എംജി ഹെക്ടറിനുമിടയിലാവും സ്ഥാനം. വാഹനത്തിൽ 135 hp കരുത്തും 293NM ടോർക്കും ഉല്പാദിപ്പിക്കുന്ന 1.6 ലിറ്റർ T-GDI എൻജിൻ ആണ് കമ്പനി നൽകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ ജോഡി ആക്കിയിരിക്കുന്നു. വാഹനം 8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്തനാണ്.

ഇന്ത്യയിലെ ഓട്ടോ എക്സ്പോ 2020 ൽ ഹൈമ ഓട്ടോമൊബൈൽ ഏതൊക്കെ മോഡലുകളാണ് പ്രദർശിപ്പിക്കുകയെന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യൻ വാഹനപ്രേമികളില്‍ നുംന്ന് വിലയേറിയ ഫീഡ്‌ബാക്ക് നേടാനുള്ള അവസരമായി ഈ ഷോയെ ചൈനീസ് കാർ നിർമ്മാതാക്കൾ ഉപയോഗപ്പെടുത്തും. 2020 ഓടെ പ്ലഗ്-ഇൻ ഹൈബ്രിഡുകളും ശക്തമായ ഹൈബ്രിഡുകളും വികസിപ്പിക്കുന്നതിതിലുമുള്ള തയ്യാറെടുപ്പിലാണ് ഹൈമ ഇപ്പോൾ.

അതിനിടെ ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തു കഴിഞ്ഞു. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം ഹവല്‍ ഇന്ത്യ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്.

അതുപോലെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ കമ്പനി അധികൃതരും അടുത്തിടെ നിരവധി തവണ ഇന്ത്യയിലെത്തിയെന്നും വിപണി സാധ്യതയും മറ്റും വിലയിരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ കമ്പനിയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി ധാരണയിലെത്തിയതായും ഗുരുഗ്രാം കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ചാന്‍ങാന്‍ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി 4,000 കോടിയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയേക്കും. സെഡാന്‍, എസ്.യു.വി, ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, എംപിവി എന്നീ നിരകളില്‍ നിരവധി വാഹനങ്ങള്‍ ചാന്‍ങാന്‍ നിരയില്‍ ചൈനയിലുണ്ട്. ഇതില്‍ എസ്.യു.വി മോഡലുകളായിരിക്കും ചാന്‍ങാന്‍ ആദ്യം ഇങ്ങോട്ടെത്തിക്കുക. 2022ഓടെ ഇന്ത്യയിലെ പ്രവര്‍ത്തനം ചാന്‍ങാന്‍ തുടങ്ങിയേക്കുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios