ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടമൊബീലിന്റെ ഇന്ത്യ പ്രവേശനവും അവതാളത്തില്‍. കൊറോണ വൈറസ് വ്യാപനവും നിലവിലെ ഇന്ത്യാ - ചൈനാ പ്രശ്‍നങ്ങളെയും തുടർന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി കമ്പനി കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പങ്കെടുത്തിരുന്നു. ദില്ലി ആസ്ഥാനമായ ബേഡ് ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബേഡ് ഇലക്ട്രിക്കുമായി സഹകരിച്ചായിരുന്നു ഹൈമ ഓട്ടമൊബീൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ലക്ഷ്യമിട്ടിരുന്നത്. 

എന്നാല്‍ ചൈനയ്ക്കു പിന്നാലെ ഇന്ത്യയിലും കൊവിഡ് 19 മഹാമാരി പടർന്നു പിടിച്ചതോടെ പദ്ധതി തികച്ചും മന്ദഗതിയിലായി. മാത്രമല്ല ഇതോടൊപ്പം അതിർത്തി മേഖലകളിലെ ഇന്ത്യ — ചൈന സംഘർഷാവസ്ഥയും സംയുക്ത സംരംഭത്തിനു മേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. 

ഹൈമ ഓട്ടമൊബീൽസിന്റെ വൈദ്യുത വാഹന നിർമാണ വിഭാഗമായ ഹൈമ ന്യൂ എനർജിയുമായി സഹകരിക്കാനായിരുന്നു ബേഡ് ഇലക്ട്രിക്കിന്റെ പദ്ധതി. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മൂന്ന് മോഡലുകളാണ് ഹൈമ അണിനിരത്തിയത്. ത്രിമൂര്‍ത്തികളില്‍ ഹൈമ 7എക്സ്, ഹൈമ 8 എസ്, ഹൈമ ഇ1 എന്നിങ്ങനെ മൂന്നു മോഡലുകളെയാണ് അവതരിപ്പിച്ചത്. 

ഇതില്‍ ഹൈമ ഇ1 ഇവി ആയിരിക്കും ഹൈമ ഓട്ടോമൊബീലിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഹൈമ ഐഷാംഗ് ഇവി 360 എന്ന പേരില്‍ വില്‍ക്കുന്ന വാഹനത്തെ 10 ലക്ഷം രൂപയ്ക്കു  2022ന്‍റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. ബേഡ് ഇലക്ട്രിക് –ഹൈമ സംയുക്ത സംരംഭത്തിന്റെ ഈ വൈദ്യുത വാഹനം നിലവിൽ രൂപകൽപ്പനാ ഘട്ടത്തിലാണ്. 

ഹൈമയുടെ 7 എക്സ് എന്ന എംപിവി ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ എംപിവി ഇന്നോവയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദില്ലി ഓട്ടോ എക്സ്പോയിൽ കമ്പനി ഈ വാഹനത്തെയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയിലിറങ്ങിയ വാഹനമാണിത്. ഇറ്റാലിയൻ കാർ നിർമാതാക്കളായ മസരാറ്റിയുടെ സിഗ്നേച്ചർ ഗ്രില്ലിനോട് സാമ്യമുള്ള മുൻവശത്തെ ഗ്രില്ലാണ് ഈ വാഹനത്തെ വ്യത്യസ്‍തമാക്കുന്നത്.  4,815 എംഎം നീളവും 1,874 എംഎം വീതിയും 1,720 എംഎം ഉയരവും 2,860 എംഎം വീല്‍ബേസുമുണ്ട് ഈ ചൈനീസ് വാഹനത്തിന്. അതായാത് വലുപ്പത്തിൽ ഇന്നോവ ക്രിസ്റ്റയെ വാഹനം  കവച്ചു വയ്ക്കുമെന്ന് ചുരുക്കം. എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഈ വാഹനവും ഉടന്‍ അതിര്‍ത്തി കടക്കാന്‍ ഇടയില്ല.

അതേസമയം അതിർത്തിയിലെ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ ചൈനാവിരുദ്ധ വികാരം ശക്തമാവുകയാണ്. ചൈനീസ് ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനവും കരുത്താർജിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ – ചൈന ബന്ധത്തിലെ പുരോഗതി വിലയിരുത്തി മാത്രം അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനാണു ഹൈമ - ബേര്‍ഡ് ഇലക്ട്രിക്ക് പങ്കാളികളുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്‌നറായ ബേര്‍ഡ് ഓട്ടോമോട്ടീവിന്‍റെ ഉപസ്ഥാപനമാണ് ബേര്‍ഡ് ഇലക്ട്രിക്ക്.  

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക സിറ്റിയിൽ 1988 ൽ ആണ് ഹൈമ ഓട്ടോമൊബൈൽസ് ആരംഭം കുറിച്ചത്.  ജാപ്പനീസ് കാർ നിർമാതാക്കളായ മസ്‍ദയുടെ റീബാഡ്‍ജ് ചെയ്‍ത വാഹനങ്ങൾ ചൈനയില്‍ ഇറക്കുന്നതിനായിരുന്നു ഹൈനാന്‍-മസ്‍ദ കമ്പനികള്‍ ചേര്‍ന്നാണ് ഹൈമ ഓട്ടോമൊബൈല്‍സ് രൂപീകരിച്ചത്. 2006-ല്‍ മസ്‍ദയുടെ ഓഹരി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമൊബൈൽ വർക്ക്സ്  (എഫ്എഡബ്ല്യു) ഗ്രൂപ്പ് ഏറ്റെടുത്തു. അതോടെ എഫ്എഡബ്ല്യു ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനി ഇപ്പോൾ ഹൈമ ഗ്ലോബൽ ആർക്കിടെക്ചർ (എച്ച്എംജിഎ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി സ്വന്തമായി എസ്‌യുവികൾ, എംപിവികൾ, വൈദ്യുതീകരിച്ച വാഹനങ്ങൾ എന്നിവ വികസിപ്പിക്കുകയാണ്.

അതിനിടെ മറ്റ് രണ്ട് ചൈനീസ് വാഹനഭീമന്മാരായ ഗ്രേറ്റ് വാൾ മോട്ടോഴ്‍സിന്‍റെയും ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സിന്‍റെയും ഇന്ത്യന്‍ പ്രവേശനം വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച വെല്ലുവിളിയെ തുടർന്നായിരുന്നു ഇത്. മഹാരാഷ്ട്രയിലെ തലേഗാവിലുള്ള നിർമാണശാലയിലെ നിക്ഷേപം ഗ്രേറ്റ് വാൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.  ചാന്‍ങാൻ ഓട്ടമൊബീല്‍ ഇന്ത്യയിലേക്കുള്ള വരവ് ഒരു വർഷത്തോളം വൈകിക്കാനാണ് തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഈ കമ്പനികളുടെ ഇന്ത്യന്‍ പ്രവേശനവും കൂടുതല്‍ ദുഷ്‍കരമായിരിക്കും എന്നുറപ്പ്.