മലയാളികള്‍ ചിരിയില്‍ പൊതിഞ്ഞ് നെഞ്ചില്‍ സൂക്ഷിക്കുന്ന പ്രിയനടന്‍ ഹരിശ്രീ അശോകന്‍റെ യാത്രകള്‍ ഇനി ഇന്നോവ ക്രിസ്റ്റയില്‍. കൊച്ചിയിലെ കളമശേരി ഡീലർഷിപ്പിൽ നിന്നാണ് താരം ക്രിസ്റ്റ സ്വന്തമാക്കിയത്. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ വാഹനമാണ് ഇന്നോവ. 2016ലെ ദില്ലി ഓട്ടോ എക്സ്പോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍, ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്നിങ്ങനെ എന്‍ജിന്‍ പതിപ്പുകളിലാണ് വാഹനം എത്തുന്നത്. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുമുണ്ട്. 

ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ അടുത്തിടെയാണ് വിപണിയിലെത്തിയത്. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്‌സ് എം ടി, സെഡ്എക്‌സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും. ഏകദേശം 15.06 ലക്ഷം മുതൽ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്സ്ഷോറൂം വില.